ദേവസ്വംപാടത്ത് വാസുദേവന്റെ ആത്മഹത്യയുടെ പശ്ചാത്തലം എന്താണ്? അത് അമ്പലത്തിലെ ഉല്‍സവവുമായി ബന്ധപ്പെട്ട കേവലം പ്രാദേശിക സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായ ആക്രമണവും അതിന്റെ അനന്തരഫലവുമാണോ? അതില്‍ രാഷ്ട്രീയമുണ്ടോ? ദേവസ്വംപാടത്ത് സി.പി.എംകാര്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്നുണ്ടായിരുന്നോ? അത് തടയുക എന്ന ലക്ഷ്യം കൂടി നിരപരാധിയായ ശ്രീജിത്തിനെ പിടിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ടോ? സി.പി.എമ്മിന്റെ ആ ലക്ഷ്യത്തിനായി നിന്നതിനുള്ള പ്രത്യുപകാരമാണോ എ.വി.ജോര്‍ജിന് ഇപ്പോഴും അനങ്ങാത്ത റൂറല്‍ എസ്.പി കസേര?

 

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ് – ശ്രീജിത്തിനെ തിടുക്കം കൂട്ടി പിടിച്ചത് നിയമം അനുശാസിക്കുന്ന വഴിക്കാണെന്ന് പറയാന്‍ കഴിയില്ല. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നു മാത്രമല്ല, തിരിച്ചറിയാന്‍ കഴിയുന്ന പ്രതികളെ ആളുമാറി പിടികൂടേണ്ട സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ല. ആ കൃത്യത്തിന് തന്റെ സ്വന്തം സ്ക്വാഡിലെ കടുവകളെ നിയോഗിക്കാന്‍ റൂറല്‍ എസ്.പി തീരുമാനിച്ചുവെങ്കില്‍ അതിന് രാഷ്ട്രീയ പിന്‍ബലം ഉണ്ടായിരുന്നുവെന്ന് ഉറപ്പാണ്. ആ ബലത്തിലാണോ എ.വി.ജോര്‍ജ് കസേരയില്‍ ഉറച്ചിരിക്കുന്നതെന്ന് പറയാനുള്ള ബാധ്യത സി.പി.എമ്മിനാണ്.