കോഴിക്കോട് ബാലുശേരിയില്‍നിന്നുള്ള ഈ ദുരിതക്കാഴ്ചകള്‍ ഞങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിച്ചത് കുറെ മുമ്പാണ്. തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ തുടങ്ങിയ വന്ധ്യംകരണ യൂണിറ്റില്‍ നായ്ക്കള്‍ അനുഭവിക്കുന്ന ദുരിതം. ഇന്നീ ദൃശ്യങ്ങള്‍ വീണ്ടും കാണിക്കുന്നത് അവിടെ മോശമായി പലതും നടക്കുന്നതുകൊണ്ടാണ്. കരുണ എന്ന് പേരുള്ള ആ യൂണിറ്റില്‍ വന്ധ്യംകരിക്കപ്പെട്ട നായ്ക്കള്‍ കൂട്ടത്തോടെ ചത്തു. മതിയായ പരിചരണമില്ലാതെയുള്ള വന്ധ്യംകരണം, ഭക്ഷണവും വെള്ളവും നല്‍കാതെയുള്ള പീഡനം, എല്ലാമാണ് ആക്ഷേപം. ഏറ്റവുമൊടുവില്‍ കോഴിക്കോട് ജില്ലയിലെ എല്ലാ വന്ധ്യംകരണ യൂണിറ്റുകളും പൂട്ടാനാണ് തീരുമാനം. തെരുവു നായപ്രശ്നം ഒരു യാഥാര്‍ഥ്യമാണ്. ഇന്നലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഓടിക്കയറിയ നായ്ക്കള്‍ ജീവനക്കാരി അടക്കം പതിമൂന്ന് പേരെയാണ് കടിച്ചത്. അങ്ങനെ പലയിടത്തായി നായ്ക്കള്‍ നിരന്തരമായി പേടിപ്പെടുത്തുന്നു എന്നിരിക്കെ നമ്മുടെ പരിഹാരശ്രമങ്ങള്‍ക്ക് ട്രാക്ക് തെറ്റുന്നുണ്ടോ?

 

9 മണി ചര്‍ച്ച ഈ വിഷയത്തില്‍ മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– ഒറ്റയ്ക്കും കൂട്ടായുമുള്ള തെരുവുനായ്ക്കളുടെ വാഴ്ച, അതിന് മുന്നില്‍ ഇരയായിപ്പോകുന്ന ജനം ഒരു യാഥാര്‍ഥ്യമാണ്. തല്ലിക്കൊല്ലുക എന്ന അപരിഷ്കൃര രീതി തെറ്റായതുകൊണ്ടാണ് സര്‍ക്കാര്‍ പണംകൊണ്ട് ശാസ്ത്രീയ വന്ധ്യംകരണം എന്നതിലേക്ക് കാര്യങ്ങളെത്തിയത്. ആ മാര്‍ഗത്തിന്റെ വിശ്വാസ്യത സംരക്ഷിച്ചേ തീരൂ. ഇടപെടലുകള്‍ ഉണ്ടായേതീരൂ.