ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കുന്ന ധാരണ കേരളത്തില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുമോ? ഇല്ലെന്നാണ് യച്ചൂരിയുടെ ഉത്തരം. മനോരമ ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി ഇക്കാര്യം സുവ്യക്തമായി പറഞ്ഞു. 1–കേരളജനത ഉയര്‍ന്ന ചിന്താഗതി ഉള്ളവരാണ്. അവര്‍ക്കറിയാം എന്തിനാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ സി.പി.എം പിന്തുണയ്ക്കുന്നതെന്ന്. 2–കോണ്‍ഗ്രസിനെ പുറത്തുനിന്ന് പിന്തുണച്ചിരുന്ന കാലത്താണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചത്. 99 സീറ്റ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ സര്‍ക്കാരിനെ പിന്തുണച്ചശേഷം പിന്തുണ പിന്‍വലിച്ച് 2009ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 4സീറ്റ്. 3– കേരളത്തില്‍ രണ്ട് ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ ആര്‍ജിക്കുക എന്നതാണ് തിരഞ്ഞെടുപ്പിലെ വിജയഘടകം. ഈ ഉറച്ച രാഷ്ട്രീയബോധ്യം ജനറല്‍ സെക്രട്ടറിയില്‍ നിന്ന് കേരളത്തിലെ സി.പി.എം നേതാക്കള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ടോ? ആ ബോധ്യത്തോട് രാഷ്ട്രീയ മര്യാദയോടെ പ്രതികരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ബി.ജെ.പിക്ക് അതിന്റെ രാഷ്ട്രീയഭീഷണി തിരിച്ചറിയാന്‍ കഴിഞ്ഞോ? ചെങ്ങന്നൂരില്‍ തെളിയുമോ ഈ രാഷ്ട്രീയ ബോധ്യങ്ങളുടെ ശരിതെറ്റുകള്‍?
ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ് – കോണ്‍ഗ്രസിനെ സി.പി.എം പിന്തുണയ്ക്കുക എന്നുവച്ചാല്‍ രണ്ടുകൂട്ടരും ഒറ്റപ്പാര്‍ട്ടിയാകുക എന്നര്‍ഥമില്ല. അതിനാല്‍ അതുവച്ച് പ്രതിപക്ഷ സ്ഥാനത്തിനായി വിലപേശാമെന്ന ബി.ജെ.പിയുടെ മോഹം അസ്ഥാനത്താണ്. എന്തിന് ബി.ജെ.പിയെ എതിര്‍ക്കുന്നു എന്ന കാര്യത്തില്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനും വ്യക്തത ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം.