9mani-03-05-t

കോവളത്തെ വിദേശവനിതയുടേത് ബലാല്‍സംഗക്കൊലയായിരുന്നു. നാട് ലജ്ജിച്ച് തലകുനിക്കേണ്ട ബലാല്‍സംഗക്കൊല. ഇക്കാര്യം സ്ഥിരീകരിച്ച് ലഹരിമരുന്ന് കേസിലെ പ്രതികള്‍ കൂടിയായ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അത്രയെങ്കിലും വിദേശവനിതയോടും സഹോദരിയോടും ഭര്‍ത്താവിനോടും നീതിചെയ്യാന്‍ കഴിഞ്ഞുവെന്ന് നമുക്ക് ആശ്വസിക്കാമെന്നിരിക്കെ, ഡി.ജി.പി ലോക്നാഥ് ബെഹ്റ അതില്‍ നില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. കേരളത്തിലെ ഏറ്റവും പ്രമുഖമായ വിനോദസഞ്ചാര കേന്ദ്രത്തില്‍ വിദേശവനിത ബലാല്‍സംഗക്കാലയ്ക്ക് ഇരയാകുന്നത് പൊലീസിന് അപമാനമാണെന്ന് മനസ്സിലാക്കാതെ, നാട്ടുകാര്‍ കണ്ടെത്തിക്കൊടുത്ത മൃതദേഹംവച്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തവര്‍ക്ക് ബഹുമതിപ്പതക്കം നല്‍കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. വാര്‍ത്താസമ്മേളനം വിളിച്ച് കേരളാ പൊലീസിന്റെ ശാസ്ത്രീയ അന്വേഷണ മികവിന്റെ നേട്ടമായി ഇതിനെ പ്രഘോഷിക്കാനും അദ്ദേഹം മടിച്ചില്ല. ശ്രീജിത്തില്‍ കൈവിട്ടത് ഒരു വിദേശവനിതയില്‍ തിരിച്ചുപിടിക്കാനാകുമോ എന്നൊരു വിഫലശ്രമം. എന്തിന്റെ പേരിലാണ് പൊലീസിന് ഈ പതക്കം? 

 

9 മണി ചര്‍ച്ച ഈ വിഷയത്തില്‍ മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– ആദ്യഘട്ടത്തില്‍ ഡിപ്രഷന്‍ ബാധിച്ച ഒരു യുവതിയുടെ ആത്മഹത്യയെന്ന നിലയില്‍ പൊലീസ് തന്നെ അവഗണിച്ച കേസ് സഹോദരിയുെട നിരന്തരശ്രമം കൊണ്ടാണ് പൊലീസിന് ഊര്‍ജിതമായി അന്വേഷിക്കേണ്ടിവന്നത്. രണ്ടുപേര്‍ അറസ്റ്റിലായെങ്കില്‍ അതിന്റെ പേരില്‍ അവാര്‍ഡ് കൊടുക്കേണ്ടത് ആ സഹോദരിക്കാണ്. അല്ലാതെ, നമ്മുടെ നാട്ടില്‍ വന്ന് ദാരുണപീഡനത്തിനും കൊലയ്ക്കും ഇരയായ ഒരു വിദേശവനിതയുടെ പേരില്‍ നെഞ്ചത്ത് പതക്കം കുത്തി നടക്കാന്‍ പൊലീസ് ലജ്ജിക്കണം.