ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ നടത്തിയ വഴിപാട് സന്തോഷത്തിന്റെ, സ്നേഹത്തിന്റെ, ചേര്‍ത്തുപിടിക്കലിന്റെ ഒക്കെ വാര്‍ത്തയായിരുന്നു. നമുക്ക് അത്രയും പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി അവരവര്‍ അവരരുടെ രീതിക്കും ശീലങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കും. അങ്ങനെയൊന്നാണത്. തികച്ചും മാനവികമായ സ്നേഹസാന്ദ്രമായ ഒന്ന്. പക്ഷേ സംഗതി വിവാദമായി. ചോദ്യങ്ങള്‍ നേരിടേണ്ടി വന്നു മോഹന്‍ലാലിന്. ചെന്നൈയിലെ വാർത്താസമ്മേളനത്തില്‍ വഴിപാട് കാര്യം ചോദ്യമായി ഉന്നയിക്കപ്പെട്ടപ്പോള്‍ വഴിപാട് വിവരം ചോർത്തിയത് ദേവസ്വം ബോർഡ് ജീവനക്കാരാണെന്ന് മോഹൻലാൽ ആരോപിച്ചിരുന്നു. ജീവനക്കാരെ കുറ്റപ്പെടുത്തുന്ന പ്രസ്താവന മോഹൻലാൽ പിൻവലിക്കണമെന്നും ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് എമ്പുരാൻ റിലീസിന് മുമ്പായി മോഹൻലാൽ ശബരിമലയിൽ എത്തിയതും മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ വഴിപാട് കഴിച്ചതും.