മോഹന്‍ലാല്‍–പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുക്കിയ എമ്പുരാന്‍ റിലീസ് ചെയ്ത് മൂന്നാമത്തെ ദിവസമാണ് ഇന്ന്. റിലീസിന് മുന്നേ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്ന സിനിമ റിലീസിന് ശേഷം വിവാദങ്ങളില്‍ നിറയുകയാണ്. സിനിമ ഹിന്ദുവിരുദ്ധമെന്നാണ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്നുള്ള വിമര്‍ശനം. കേവലമായ വിമര്‍ശനങ്ങള്‍ക്കപ്പുറം ബഹിഷ്കരണ ആഹ്വാനങ്ങളിലേക്കും ഭീഷണിയിലേക്കുംവരെ എത്തി കാര്യങ്ങള്‍. അപ്പോഴും ബിജെപി ഔദ്യോഗികമായി പറയുന്നത് സിനിമയ്ക്കെതിരെ ഒരു പ്രചാരണവുമില്ല, ബഹിഷ്കരണവുമില്ല എന്നൊക്കെയാണ്. ഒരു യുവമോര്‍ച്ച നേതാവ് പറഞ്ഞത്, പൃഥ്വിരാജിന്‍റെ ഐഎസ് ബന്ധം അന്വേഷിക്കണമെന്നാണ്. കാര്യങ്ങള്‍ എവിടെവരെ എത്തി എന്നുള്ളതാണ്.. ഒരുവശത്ത് ഇത്തരം വിവാദങ്ങളൊക്കെ സംഭവിക്കുമ്പോഴാണ്, മറ്റൊരു വാര്‍ത്ത ഇന്ന് വന്നത്. എമ്പുരാന്‍ സിനിമയിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റുന്നു എന്ന്. സിനിമയുടെ എഡിറ്റഡ് പതിപ്പ് അടുത്തയാഴ്ച തിയറ്ററുകളില്‍ എത്തും. പതിനേഴിലധികം ഭാഗങ്ങള്‍ ഒഴിവാക്കുമെന്നാണ് മനസിലാവുന്നത്.