ആര്യ രാജേന്ദ്രന്‍ എന്ന ഇരുപത്തിയൊന്നുകാരി തിരുവനന്തപുരത്തിന്റെ മേയറാവുകയാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍. തലസ്ഥാനത്ത് എല്‍ഡിഎഫ് അങ്ങനെയൊരു തീരുമാനമെടുക്കുമ്പോള്‍ മറുവശത്ത് യുഡിഎഫില്‍ മുസ്്ലിം ലീഗ് മിനിഞ്ഞാന്നെടുത്ത ഒരു തീരുമാനത്തെക്കുറിച്ചുള്ള നിലപാടുകളും പ്രതികരണങ്ങളുമാണ് ഈ കേട്ടത്. പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കും. അദ്ദേഹവും എം.കെ.മുനീറും തിരുവനന്തപുരത്ത് ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കും. ശരിയാണ്, തദ്ദേശ തിരഞ്ഞെടുപ്പ് യുഡിഎഫിന് കാര്യമായൊന്നും കൊടുത്തില്ല. നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലിലുമാണ്. അതിനെന്തിനാണ് യുഡിഎഫിലെ എക്കാലത്തെയും ക്രൈസിസ് മാനേജര്‍ ജനഹിതത്തിന് വിലകല്‍പിക്കാതെ എംപിസ്ഥാനം വലിച്ചെറിയുന്നത്? എന്തിനാണതിന് പികെ കുഞ്ഞാലിക്കുട്ടിയെ ലീഗ് നേതൃത്വം നിര്‍ബന്ധിക്കുന്നത്? തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം എന്ന പ്രഖ്യാപനത്തിന്റെ അര്‍ഥമെന്താണ്? ഈ തീരുമാനത്തിന് പിന്നാലെ യൂത്ത് ലീഗില്‍നിന്നുപോലും കേട്ട അതൃപ്തിസ്വരം പറയുന്നതെന്താണ്?