സഞ്ചരിക്കുന്ന കാബിനറ്റ് അങ്ങനെ യാഥാര്‍ഥ്യമായി കേരളത്തില്‍. മുഖ്യമന്ത്രിയും 20 മന്ത്രിമാരും പ്രത്യേക ബസില്‍ 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളെ കാണുന്ന നവകേരള സദസ്സിന് മഞ്ചേശ്വരത്ത് തുടക്കം.

എല്‍ഡിഎഫിന്റെയും സര്‍ക്കാരിന്റെയും നയങ്ങളും രാജ്യാന്തര ദേശീയ സാഹചര്യങ്ങളും വിശദീകരിച്ച് ഉദ്ഘാടന വേദിയില്‍ സംസാരിച്ച മുഖ്യമന്ത്രി ഇത് സര്‍‌ക്കാര്‍ പരിപാടിയാണെന്നും അതില്‍‌നിന്ന് എംഎല്‍എ വിട്ടുനിന്നത് അനുചിതമെന്നും പറഞ്ഞു. വിട്ടുനിന്നത് ലീഗ് എംഎല്‍എ ആണെങ്കിലും ലീഗെന്നേ പറയാതെ യുഡിഎഫിലെ ഒന്നാം കക്ഷി കോണ്‍ഗ്രസിനെ ആക്രമിച്ചായിരുന്നു വിമര്‍ശനം. സര്‍ക്കാര്‍ പരിപാടിയെന്ന് പറഞ്ഞു എങ്കിലും മുന്‍ യുഡിഎഫ് സര്‍ക്കാരിനെ രാഷ്ട്രീയമായി ആക്രമിക്കുന്നതായിരുന്നു പിണറായിയുടെ പ്രസംഗം.

കേരളമാകെ യാത്ര ചെയ്യുന്ന ബസ് ആഡംബരം എന്ന വിമര്‍ശനത്തിന് ഞങ്ങളെത്ര നോക്കിയിട്ടും മനസിലായില്ല, നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ കയറി നോക്കൂ എന്ന് മറുപടി. അപ്പോള്‍ നവകേരള സദസ് ഒന്നാം ദിനം ഒന്നാം മണ്ഡലം പൂര്‍ത്തിയാക്കുമ്പോള്‍ ചോദ്യമിതാണ്. ചലിക്കുന്ന കാബിനറ്റ് എന്ന ചരിത്രത്തിനപ്പുറം എന്ത് സൃഷ്ടിക്കും ഈ യാത്ര? 

 

Counter point on Navakerala sadass