വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്‍റെയും മകന്‍റെയും മരണത്തിൽ പ്രതിഷേധം ശക്തമാക്കി സിപിഎം. ഐ.സി ബാലകൃഷ്ണൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫിസിലേക്ക് സിപിഎം മാർച്ച് നടത്തി. അതിനിടെ വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കെപിസിസി നിർദേശ പ്രകാരം സണ്ണി ജോസഫ് എംഎൽഎ കൂടിക്കാഴ്ച നടത്തി.
എൻ.എം വിജയന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ചായിരുന്നു സിപിഎം സുൽത്താൻ ബത്തേരി ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്. സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖ് മാർച്ച് ഉദ്ഘാടനം ചെയ്തു. പുറത്തുവന്ന രേഖകളുടെ അടിസ്ഥാനത്തിൽ ഐ.സി ബാലകൃഷ്ണൻ രാജിവെച്ചു അന്വേഷണം നേരിടാമെന്ന് കെ റഫീഖ് ആവശ്യപെട്ടു. അതിനിടെ,സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലയിലെ മുതിർന്ന 12 കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നു.