വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ അത്യപൂര്‍വ കാഴ്ടയ്ക്കാണ് ഇന്നേക്ക് കൃത്യം ഒരു വര്‍ഷം മുന്‍പ് കേരളം സാക്ഷ്യം വഹിച്ചത്. തിരുവനന്തപുരം മുതല്‍ പുതുപ്പള്ളി വരെ കേരളം ഒന്നാകെ ഉമ്മന്‍ചാണ്ടി എന്ന ജനകീയ നേതാവിന്‍റെ ശവമഞ്ചം വഹിച്ച വാഹനത്തിന്‍റെ പിന്നാലെ നിലവിളിച്ചും മുദ്രാവാക്യങ്ങളുമായും ഓടുന്ന കാഴ്ച. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള തന്‍റെ അവസാനയാത്ര ഉമ്മന്‍ചാണ്ടി പൂര്‍ത്തിയാക്കിയത് ഏതാണ്ട് 30 മണിക്കൂര്‍ എടുത്താണ്. വഴിയരികില്‍ തൊഴുകൈകളോടെ കാത്തുനിന്നവരില്‍ വയോജനങ്ങളും പിഞ്ചുകുഞ്ഞുങ്ങളും ഭിന്നശേഷിക്കാരും സകല ജാതിമത വിഭാഗങ്ങളും ഉണ്ടായിരുന്നു. 79–ാം വയസിലെ ഉമ്മന്‍ ചാണ്ടിയുടെ വിടവാങ്ങലില്‍ വിതുമ്പിയവരില്‍ നല്ല ശതമാനവും ഒരു പുഞ്ചിരി കൊണ്ടെങ്കിലും ആ സാമീപ്യം അറിഞ്ഞവരായിരുന്നു. അധികാരമെന്നാല്‍ അഹന്തയല്ല ജനസേവനമാണെന്ന് ജീവിച്ച് തെളിയിച്ച നേതാവിനെ നെഞ്ചേറ്റിയവര്‍. പക്ഷെ ഉമ്മന്‍ചാണ്ടിയുടെ ഈ ജനകീയതയ്ക്കൊത്ത ആദരവ് രാഷ്ട്രീയ കേരളം ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന് നല്‍കിയോ? ആരോപണശരങ്ങളേറ്റപ്പോഴും ഉമ്മന്‍ ചാണ്ടി പുഞ്ചിരിയോടെ നിന്നത് തന്നെ സ്നേഹിക്കുന്ന ഈ ജനത്തെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നതിനാല്ലോ? വിഴിഞ്ഞത്തെ അനാദരവ് മുതല്‍ ഇനിയും പുറത്ത് വരാത്ത സോളാര്‍ ഗൂഢാലോചനയടക്കം കേരളം അദ്ദേഹത്തോട് ഇപ്പോ അനീതി തുടരുന്നു. ഉമ്മന്‍ചാണ്ടിയോട് നീതി കാട്ടിയോ?