വെള്ളിത്തിരയെ വിറപ്പിച്ച ലൈംഗിക അതിക്രമ പരാതികളില്‍ അന്വേഷണസംഘത്തിന്‍റെ ‘ആക്ഷന്‍’ . പരാതിക്കാരികളില്‍ നിന്ന് മൊഴിയെടുത്തു. സിദ്ദിഖിനെതിരെ ബലാല്‍സംഗക്കുറ്റത്തിന് ജാമ്യമില്ലാ കേസിട്ടു. എന്നാല്‍, ഒഴുക്കിന് ചിലയിടത്തുമാത്രം ഉഴപ്പു കാണുകയാണോ നമ്മള്‍ ?
ഒന്നിലധികം പരാതികളുയര്‍ന്നിട്ടും മുകേഷിനെതിരെ കേസായിട്ടില്ല ഇതുവരെ. ജയസൂര്യക്കെതിരെയും. മുകേഷിന്‍റെ പദവികളുടെ കാര്യത്തില്‍ സിപിഎമ്മും സര്‍ക്കാരും നിലപാടില്ലാതെ തപ്പിതടഞ്ഞ്.. ഒരു ദിവസം കൂടി കടന്നുപോയി. പ്രതിരോധം കനത്തതോടെ, മുകേഷിനെ ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്നൊഴിവാക്കാന്‍ പാര്‍ട്ടി സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നു എന്നാണ് അറിവ്. അപ്പോഴും, എംഎല്‍എ പദവിയില്‍ രാജി ആവശ്യപ്പെടാത്തതെന്ത് എന്ന ചോദ്യത്തോട്, ചിരിച്ചും പരത്തിപ്പറഞ്ഞും വഴുതുന്ന മന്ത്രിമാരെ കണ്ടു ഇന്ന് നമ്മള്‍. ഒരു വശത്ത് കാര്യങ്ങള്‍ ഇങ്ങനെപ്പോകുമ്പോള്‍.. സിനിമാ ലോകത്തിനുള്ളില്‍ പലവിധ പുകച്ചില്‍.
കൂട്ടരാജിയില്‍ അമ്മയില്‍ ഭിന്നസ്വരം, ആശങ്ക. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലും പൊട്ടിത്തെറി. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു. ഇപ്പോള്‍ തുടങ്ങിയ അന്വേഷണങ്ങളില്‍ ‘ആക്ഷനും കട്ടും’ നിശ്ചയിക്കുന്നതാര് ?