TOPICS COVERED

സിപിഎം രാഷ്ട്രീയത്തിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചുകൊണ്ട് സീതാറാം യച്ചൂരി ഓർമ്മയായ ദിവസമാണെന്ന് ഇന്ന്. പ്രിയപ്പെട്ടവരുടെ വേർപാടുകൾ പലപ്പോഴും അകന്നു നിൽക്കുന്ന ഹൃദയങ്ങളെ അടുപ്പിക്കും. ഇൻഡിഗോ കമ്പനിയോടുള്ള പിണക്കം പോലും മറന്നാണ് യെച്ചൂരിയുടെ വേർപാട് അറിഞ്ഞ കേന്ദ്രകമ്മിറ്റി അംഗം ഇ.പി  ജയരാജൻ ഡൽഹിയിൽ പറന്ന് എത്തിയത്. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് പുറത്തായശേഷം പാർട്ടി നേതൃത്വവുമായി സഹകരിക്കാതിരുന്ന ഇ.പി, ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി  കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയോട് പറഞ്ഞത് മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് ഇപി. ബിജെപി നേതാവിനെ കണ്ടതിന് ഇപിയുടെ കസേര  തെറുപ്പിച്ച  പാർട്ടിയുടെ സർക്കാർ ആർഎസ്എസ് നേതൃത്വവുമായി പലതവണ കൂടിക്കാഴ്ച നടത്തിയ എഡിജിപി അജിത് കുമാറിനെ സംരക്ഷിക്കുന്നത് എന്ത് എന്ന ചോദ്യം നിലനിൽക്കുമ്പോഴാണ് ആഭ്യന്തര മന്ത്രിയുമായി മുൻ എൽഡിഎഫ്  കൺവീനറുടെ കൂടിക്കാഴ്ച. പാപിയോടൊപ്പം  കൂടി പാപി ആവരുത് ഉപദേശിച്ച മുഖ്യമന്ത്രിയെ കണ്ട ഇപി പറഞ്ഞത് എന്താവും.