മലയാള മനോരമയുടെ പത്ത് ചോദ്യങ്ങള്‍ക്കുള്ള ഒറ്റ ഉത്തരമാണ് സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്. പക്ഷെ ഹിന്ദു പത്രത്തിന് അഭിമുഖം കൊടുക്കുമ്പോള്‍ കയറി വന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്ന ആ അജ്ഞാതന്‍ ആരാണെന്ന ചോദ്യത്തിന് ഉത്തരമില്ല. കേരള മുഖ്യമന്ത്രിയുടെ അഭിമുഖം തരാമെന്ന് പറഞ്ഞ് സമീപിച്ചത് ഒരു പിആര്‍ ഏജന്‍സിയാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന ഹിന്ദു പത്രത്തിനെതിരെ കേസില്ല.  അഭിമുഖം ഏർപ്പാട് ചെയ്ത  സുബ്രഹ്മണ്യന്‍ എന്ന പാര്‍ട്ടി സഹയാത്രികനോട് ചുമ്മാതെ പോലും വിളിച്ച് കാര്യങ്ങള്‍ ചോദിക്കാത്തത് എന്ത് എന്ന  ചോദ്യവുമുണ്ട്. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്നതിനുള്ള സ്ക്രിപ്റ്റ് എഴുത്തുകാരാണ് ഈ പിആര്‍ ടീമെന്ന് പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് മൗനമെന്ത്? മലപ്പുറം ജില്ല രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്ന് പിണറായി വിജയന്‍ പറഞ്ഞതായി എഴുതികൊടുത്തത് ആര് എന്നതില്‍ സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ ഒട്ടും ആശങ്ക ഇല്ലാത്തതെന്ത്. ഇതിനെല്ലാം പുറമേ കനത്ത സുരക്ഷാ സന്നാഹത്തില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുറിയിലേക്ക് സംഘപരിവാര്‍ പിആര്‍ ടീമെന്ന് പ്രതിപക്ഷം ആരോപിക്കുന്നവര്‍ക്ക് കടന്നു ചെല്ലാന്‍ കഴിയുന്നതെങ്ങനെ? ഉത്തരം ഒറ്റവാക്കേ ഉള്ളുവെങ്കിലും ചോദ്യങ്ങള്‍‍ ഒട്ടനവധി ആണ്. പിന്നാമ്പുറമെന്ത്?

Counter point on who is the third person during the interview: