സജിചെറിയാന്‍ എന്ന നമ്മുടെ മന്ത്രി നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്‍റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്ന് കേരളത്തിലെ ജനം എങ്ങനെ വിശ്വസിക്കും. കാരണം ആ ഭരണഘടന രാജ്യത്തെ സാധാരണക്കാരെ ചൂഷണം ചെയ്യാന്‍ ഉദ്ദേശിച്ച് എഴുതിയുണ്ടാക്കിയതാണ് എന്നാണ് സജി ചെറിയാന്‍ വിശ്വസിക്കുന്നത്. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന ജനാധിപത്യം മതേതരത്വം എന്നിവ കുന്തം കുടച്ചക്രം എന്നൊക്കൊയാണ് മന്ത്രിയുടെ നിലപാട്. ആ നിലപാട് തിരുത്താത്ത സജി ചെറിയാന്‍ തനിക്കെതിരെ ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും രാജിയില്ലെന്ന് വ്യക്തമാക്കി. ഭരണഘടനയെ മന്ത്രി അവഹേളിച്ചതേ ഇല്ല എന്ന് റിപ്പോര്‍ട്ട് തയാറാക്കിയ കേരള പൊലിസിനും ഇന്ന് ഹൈക്കോടതിയുടെ അടി കിട്ടി. അന്വേഷണത്തില്‍ പുലര്‍ത്തേണ്ട പ്രാഥമികമായ ജാഗ്രത പോലും ഇല്ലാതെയാണ് മന്ത്രിക്ക് പൊലിസ് ക്ലീന്‍ ചിറ്റ് നല്‍കിയതെന്ന് ഉത്തരവില്‍ വ്യക്തം. അതേ ആഭ്യന്തരവകുപ്പിന് കീഴിലുള്ള ക്രൈം ബ്രാഞ്ച് മന്ത്രിയുടെ കേസന്വേഷിക്കുമ്പോള്‍ കാര്യങ്ങള്‍ മറിച്ചാവുമോ? സത്യവാചകത്തില്‍ അസത്യമോ?