കേരള പൊലീസിന്റെ ഈ വേഗത, കൃത്യത പ്രതീക്ഷ പകരുന്നതാണോ? എവിടെയിരുന്നും ആര്‍ക്കും ആര്‍ക്കെതിരെയും എന്തും വിളിച്ചുപറയാമെന്ന അരാജകാവസ്ഥയ്ക്ക് ഒരു പരിധിവരെയെങ്കിലും അറുതിവരുമോ? ബോബി ചെമ്മണ്ണൂരിനെതിരായ നിയമപോരാട്ടത്തില്‍ എന്നാലും, പക്ഷെ എന്നീ വാക്കുകളില്ലാതെ ഹണി റോസിനൊപ്പം ചേരാന്‍ നമുക്ക് ആവുന്നുണ്ടോ? ഇങ്ങനെ പല ചോദ്യങ്ങള്‍ക്ക് പരിസരം ഒരുക്കുന്നു ഹണി റോസിന്റെ പരാതിയില്‍ കേരള പൊലീസിന്റെ നീക്കം. പരാതി കിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ വയനാട്ടിലെത്തി ബോബിയെ കസ്റ്റഡിയിലെടുത്ത് പകലുടനീളം സഞ്ചരിച്ച് പൊലീസ് ബോബിയെ കൊച്ചിയിലെത്തിച്ചു. അറസ്റ്റുചെയ്തു, ഇനി തുടര്‍ നിയമനടപടി. വേഗത്തിലെ നടപടി ആശ്വാസകരമെന്നും ആര്‍ക്കും എന്തും പറയാമെന്നതിന് മാറ്റം വരുമെന്ന് ഉറപ്പായെന്നും ഹണി റോസ് പ്രതികരിച്ചു. വൈകിട്ടോടെ അവര്‍ കോടതിയില്‍ രഹസ്യമൊഴി നല്കി. അപ്പോള്‍ ആദ്യമുന്നയിച്ച ചോദ്യങ്ങള്‍ നമുക്ക് ചര്‍ച്ചയ്ക്ക് വയ്ക്കാം.