Image Credit: Facebook

TOPICS COVERED

വ്യവസായി ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരിച്ച് നടി ഹണി റോസ്. ഒരു യുദ്ധം ജയിച്ചതിന്‍റെ ആഹ്ലാദത്തിലല്ല താനെന്നും നിർത്താതെ വേദനിപ്പിച്ചത് കൊണ്ട് നിവർത്തി കെട്ടാണ് പ്രതികരിച്ചതെന്നും ഹണി റോസ് പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. നമ്മുടെ നിയമവ്യവസ്ഥയ്ക്ക് വലിയ ശക്തിയുണ്ട്, സത്യത്തിനും എന്നും താരം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഹണി റോസ് പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:

'ഒരു യുദ്ധം ജയിച്ചതിന്‍റെ ആഹ്ളാദത്തിലല്ല ഞാന്‍. നിര്‍ത്താതെ പിന്നെയും പിന്നെയും പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവര്‍ത്തികെട്ട് ഞാന്‍ പ്രതികരിച്ചതാണ്. പ്രതിരോധിച്ചതാണ്. ആരെയും ഉപദ്രവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ആരുടേയും വേദനയില്‍ ഞാന്‍ ആഹ്ളാദിക്കുകയും ഇല്ല. ഇനിയും പരാതികളുമായി പൊലീസ് സ്റ്റേഷനില്‍ പോകാന്‍ ഉള്ള അവസ്ഥകൾ എനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ നിയമവ്യവസ്ഥയ്ക്ക് വലിയ ശക്തിയുണ്ട്. സത്യത്തിനും' എന്നാണ് താരം കുറിച്ചത്.

അതേസമയം ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബോബിയുടെ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. വിധി കേട്ട് കോടതി മുറിയില്‍ ബോബി തലകറങ്ങി വീണു. തുടര്‍ന്ന് കോടതി മുറിക്കുള്ളിൽ വിശ്രമിക്കാൻ അനുവദിച്ച ബോബി ചെമ്മണൂരിനെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നട്ടെല്ലിനും കാലിനും പരുക്കെന്നായിരുന്നു വാദം. എക്സറേ പരിശോധനയ്ക്ക് വിധേയനാക്കിയ ബോബിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.