കാരണഭൂതനില്‍ നിന്ന് തുടങ്ങി കഴുകനും കുതിരയും കടന്ന് കാവാലാളിലെത്തി.. പിണറായിപ്പാട്ടും പുകഴ്ത്തലും. ഇന്ന് മുഖ്യമന്ത്രിയെ വേദിയിലിരുത്തി, വാഴ്ത്തുപാട്ടിന്റെ അകമ്പടിയോടെ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍റെ സുവര്‍ണജൂബിലി മന്ദിരോദ്ഘാടനം. ഇത് വ്യക്തിപൂജയല്ല, വിപ്ലവ ഗീതമെന്ന് സംഘടനാ പ്രസിഡന്‍റിന്‍റെ വാദം. പിണറായി വിജയന്‍ എന്ന പേര് പറഞ്ഞാല്‍ ചിലര്‍ക്ക് സഹിക്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയുടെ ന്യായം. പാട്ടിനെപ്പറ്റി പ്രസംഗത്തില്‍ ഇന്ന് ഒന്നും പറഞ്ഞില്ലെങ്കിലും ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍, ഈ പാട്ടിനെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയാറായില്ല. ‘ഇകഴ്ത്തലുകള്‍ക്കിടയില്‍ ലേശം പുകഴ്ത്തല്‍ വരുന്നത് നിങ്ങളെ അസ്വസ്ഥരാക്കുമല്ലോ..’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മറുപടി. എന്നുവച്ചാല്‍ ഇതുപൊലൊരു പാട്ടിനോട് ‘നോ’ പറയാനാകുന്നില്ല എന്ന് മാത്രമല്ല, അതല്‍പ്പം ആസ്വദിക്കാവുന്നതാണ് എന്ന നിലപാട്. ആറ് പതിറ്റാണ്ടിലേറെക്കാലം രാഷ്ട്രീയ പാരമ്പര്യമുള്ള കാറ്റും കോളും കണ്ട പിണറായിയെപ്പോലൊരു കമ്മ്യൂണിസ്റ്റ് ഉപചാപക വൃന്ദത്തിന്‍റെ തടവറയിലോ ? അതോ.. പിണറായി പൂജ ഫലം കാണുമെന്ന ചിന്ത പാര്‍ട്ടിയില്‍ പടരുന്നതോ ? എന്താണ് ഇവിടെ സംഗതി ? സിപിഎമ്മില്‍ പിണറായി സ്തുതി കൂടുന്നത് എന്ത് കൊണ്ട് ? നേതൃസ്തുതി വിപ്ലവഗീതമാണെന്ന വിശദീകരണമൊക്കെ കേള്‍ക്കേണ്ടി വരുന്നത് എന്തുകൊണ്ട് ?