പാലക്കാട്ടെ മദ്യ നിര്‍മാണ സമുച്ചയത്തില്‍.. ആരൊക്കെ എതിര്‍ത്താലും ആശങ്ക പറഞ്ഞാലും ചോദ്യമുയര്‍ത്തിയാലും തീരുമാനിച്ചത് തീരുമാനിച്ചത് തന്നെ.. എന്ന നിലപാടില്‍ സര്‍ക്കാര്‍. ടെണ്ടര്‍ വിളിക്കേണ്ടതില്ല, ആദ്യഘട്ടത്തില്‍ പഞ്ചായത്തിനെ അറിയിക്കേണ്ടതില്ല, ഒരു വ്യവസായത്തിന് വെള്ളം കൊടുക്കുന്നത് മഹാപാപമല്ല, കുടിവെള്ളത്തെ ബാധിക്കില്ല എന്ന് തുടങ്ങി ഒരുപിടി ന്യായങ്ങള്‍ വിശദീകരണങ്ങള്‍ ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നിരത്തി. കഞ്ചിക്കോട് പോലൊരു സ്ഥലത്ത് എവിടിന്ന് കിട്ടും ദശലക്ഷക്കണക്കിന് വെള്ളം എന്ന ചോദ്യത്തിന് വാട്ടര്‍ അതോറിറ്റി തരും എന്ന് ആദ്യ ഉത്തരം. ഞങ്ങളുമായി അങ്ങനെ ഒരു ധാരണയില്ലെന്നും അത് പ്രായോഗികമല്ലെന്നും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതിന് പിന്നാലെ.. ഈ കമ്പനി തന്നെ മഴക്കുഴി കുത്തി പരിഹാരം കാണും എന്ന് വിശദീകരിക്കുന്നു സിപിഎമ്മും സര്‍ക്കാരും. ഈ കുടിവള്ളക്കാര്യത്തിലെ ആശങ്ക CPIക്കുമുണ്ട്. മദ്യത്തിനായി എഥനോളുണ്ടാക്കാന്‍ അരി ഉപയോഗിക്കുമ്പോള്‍ ഭക്ഷ്യസുരക്ഷയെ ബാധിക്കില്ലേ എന്ന ചോദ്യം സിപിഐ മന്ത്രിമാര്‍ മന്ത്രിസഭയില്‍ ഉന്നയിച്ചെന്നും വാര്‍ത്ത. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– വെള്ളം കുടി മുട്ടുമോ ? കഞ്ചിക്കോട്ട് ‘നുരയുന്ന’ താല്‍പര്യമെന്ത് ?