ഈയിടെയായി ലഹരിക്കെതിരെ പൊലീസ് നടത്തുന്ന നീക്കങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നില്ല. പക്ഷേ വീഴ്ചകള്‍ ഒന്നിനുപിറകെ ഒന്നായി തുടരുമ്പോള്‍, അത് മനുഷ്യരുടെ ജീവനെടുക്കാന്‍ വഴിയൊരുക്കുമ്പോള്‍ ചോദിക്കാതെ വയ്യ, പറയാതെ വയ്യ. കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ലഹരിത്തലകൊണ്ട് ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന ഒരുത്തന്‍, യാസിര്‍.. ഭാര്യ ഷിബിലയെ കഴുത്തിന് കുത്തി കൊന്നു. ഇന്ന് ഷിബിലയുടെ പിതാവ് പൊലീസിനെതിരെ ഉന്നയിച്ചത് ഗുരുതര ആക്ഷേപങ്ങള്‍. ഉപദ്രവിക്കുന്നുവെന്ന് പരാതി പലത് നൽകിയിട്ടും കേസെടുക്കാൻ പോലും പൊലീസ് തയാറായില്ല. അന്ന് പൊലീസ് അനങ്ങിയെങ്കില്‍ ഇന്ന് മകളുടെ ജീവന്‍ ബാക്കിയായേനെ എന്ന് ആ പിതാവ്. വീഴ്ച ഉണ്ടായിട്ടുട്ടെന്ന് സമ്മതിച്ച് റൂറല്‍ എസ്.പി.... പിന്നാലെ ഗ്രേഡ് എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍/ രണ്ടുദിവസം മുന്‍പ് വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ കണ്ണൂര്‍ കൈതപ്രത്ത് ഒരാളെ വെടിവച്ചുകൊന്നു. ആ കേസില്‍, കൊല്ലപ്പെട്ട രാധാകൃഷണന്‍.. പരിയാരം പൊലീസിന് വധഭീഷണിയുണ്ടെന്ന് പരാതി കൊടുത്തിരുന്നു. ഫലമുണ്ടായില്ല. പാലക്കാട് നെന്‍മാറയില്‍ ചെന്താമര നടത്തിയ കൂട്ടക്കൊലയും പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊലയും പൊലീസ് അനാസ്ഥ കൊണ്ട് കൂടി നടന്നതാണ് എന്ന് നമ്മള്‍ ചര്‍ച്ച ചെയ്തിട്ട് ദിവസങ്ങളേ കഴിഞ്ഞുള്ളൂ. ലഹരിസംഘങ്ങള്‍ അരങ്ങ് വാഴുന്ന, പൊലീസിന്‍റെ കണ്‍മുന്നിലും.. പൊലീസിനെ തന്നെയും അക്രമിക്കാന്‍ മടിക്കാത്ത, പിടികൂടുമ്പോള്‍ ഭയമേതുമില്ലാത്ത, കൂസലില്ലാത്ത, പ്രതികളെ ഇന്ന് നമ്മള്‍ കാണുന്നു. ഈ അവസ്ഥയപ്പറ്റിയാണ് കൗണ്ടര്‍പ്പോയ്ന്‍റിന്‍റെ ചോദ്യം. പൊലീസിനെ ആര്‍ക്കാണ് പേടി. ?