RSSന്‍റെ അടക്കം സംഘപരിവാര്‍ സംവിധാനങ്ങളുടെ പ്രതിഷേധത്തിനും സൈബര്‍ ആക്രമണത്തിനും ഒടുവില്‍ എമ്പുരാനില്‍ സീന്‍ കട്ട് വരുന്നു. 17 സീനുകള്‍ എംപുരാന്‍ ടീം തന്നെ ഒഴിവാക്കി. ഗുജറാത്ത് കലാപത്തിലെ ക്രൂരതകള്‍ ആസ്പദമാക്കി ചിത്രീകരിച്ച സീനുകള്‍, അക്കൂട്ടത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കാണിക്കുന്ന സീനുകള്‍, അന്വേഷണ ഏജന്‍സികളുടെ പേര് എഴുതിക്കാണിക്കുന്ന ബോര്‍ഡ് തുടങ്ങിയവ കട്ട് ചെയ്യും. ചില ഡയലോഗുകളും മ്യൂട്ട് ചെയ്യും. ഇങ്ങനെ എഡിറ്റ് ചെയ്ത പുതിയ പതിപ്പ് തിങ്കളാഴ്ച മുതല്‍ തിയറ്ററിലെത്തുമെന്നാണ് വിവരം. അതിനായി സെന്‍സര്‍ ബോഡിന്‍റെ അനുമതിയും തേടിക്കഴിഞ്ഞു. ഈ സിനിമ കണ്ട ആര്‍.എസ്.എസ് നോമിനികളായ സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ എന്തെടുക്കുകയായിരുന്നു എന്നാണ് ഇന്നലെ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ഒരു വിഭാഗം ഉയര്‍ത്തിയ പരാതി. ഇന്ന് ആര്‍.എസ്.എസ് മുഖമാസിക ഓര്‍ഗനൈസര്‍ രൂക്ഷവിമര്‍ശനവുമായി ലേഖനമെഴുതി. പൃഥ്വിരാജിന്‍റെ ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡയെന്നും രാജ്യ വിരുദ്ധ സിനിമയെന്നും മോഹന്‍ലാല്‍ വഞ്ചിച്ചുവെന്നും ഓര്‍ഗനൈസര്‍. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– ഇവിടെ നടപ്പാക്കുന്നത് എന്ത് തരം സ്വാതന്ത്യം? ഉള്ളടക്കം വിവാദമായ സിനിമകളില്‍ തിരുത്തല്‍ ആര്‍ക്കൊക്കെ ബാധകം ? എമ്പുരാനെ വിരട്ടി വെട്ടിച്ചോ ?