തൃശൂരിലെ സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനം ഇടിച്ച് കൊന്നതിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിന്റെ ജയിൽ മോചനത്തിനായി പൊതുയോഗം സംഘടിപ്പിക്കുന്നു. നിഷാമിന്റെ നാട്ടുകാരാണ് ഇന്ന് അന്തിക്കാടിന് സമീപം മുറ്റിച്ചൂരിൽ യോഗം വിളിച്ചിരിക്കുന്നത്. നിഷാം കാരുണ്യവാനും ധനസഹായിയുമാണെന്നും ചന്ദ്രബോസിന്റെ മരണം യാദൃശ്ചികമെന്നും വിശദീകരിച്ച് നോട്ടീസ് പ്രചാരണവും തുടങ്ങി.
സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബരവാഹനം ഇടിച്ചും മർദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് നിഷാം ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലാണ്. നിഷാമിനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് അദേഹത്തിന്റെ നാടായ അന്തിക്കാടിന് സമീപമുള്ള മുറ്റിച്ചൂരിൽ പൊതുയോഗം വിളിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന യോഗത്തിന് പിന്നിൽ നിഷാമിന്റെ സുഹൃത്തുക്കളും തൊഴിലാളികളുമാണ്. നിഷാമിനെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രചരിപ്പിക്കുന്ന നോട്ടീസിൽ നിഷാമിനെ വാനോളം പുകഴ്ത്തുന്നുണ്ട്.
പൊതുകാര്യ ധനസഹായി, കാരുണ്യ ധർമസ്നേഹി, കായികസംരംഭ പ്രവർത്തകൻ എന്നിവയാണ് കൊലക്കേസ് പ്രതിക്കുള്ള വിശേഷണങ്ങൾ. യാദൃശ്ചികമായുള്ള പ്രകോപനങ്ങളാലുണ്ടായ നിർഭാഗ്യകരമായ സംഭവമെന്നാണ് ചന്ദ്രബോസിന്റെ കൊലപാതകത്തെ വിശേഷിപ്പിക്കുന്നത്. മാധ്യമങ്ങൾ കാര്യങ്ങൾ പെരുപ്പിച്ച് നിഷാമിനെ കൊടുംഭീകരനാക്കിയെന്നും വിമർശിക്കുന്നു. നിഷാം ജയിലിൽ കിടക്കുന്നത് അദേഹത്തിന്റെ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളെ ബാധിക്കുമെന്നും പറഞ്ഞാണ് പൊതുയോഗത്തിന് തയാറെടുക്കുന്നത്.
കോടികളുടെ ആസ്തിയുള്ള നിഷാം ശിക്ഷിക്കപ്പെടുന്നതിന് മുൻപും പിൻപും പൊലീസിന്റെയടക്ം വഴിവിട്ട സഹായങ്ങൾ നേടിയിരുന്നു. ശിക്ഷയുടെ തുടക്കത്തിൽ തന്നെ ശിക്ഷാ ഇളവ് നൽകാനുള്ള പട്ടികയിൽ ഇടംപിടിച്ചു. ജയിലിൽ ഫോൺ അടക്കം സുഖജീവിതമെന്ന പരാതിയുമുണ്ട്. അതിനൊപ്പമാണ് ജയിൽ മോചിതനാക്കാൻ കേട്ടുകേൾവിയില്ലാത്ത പൊതുയോഗം.