കളിക്കളം സിനിമയില്‍ നടന്‍ മമ്മൂട്ടി അവതരിപ്പിച്ച കള്ളന്‍ കഥാപാത്രത്തെ ഓര്‍മയുണ്ട്. കവര്‍ച്ച നടത്തുന്ന സ്ഥലം മുന്‍കൂട്ടി അറിയിച്ച് കളവു നടത്തുന്ന കള്ളന്‍ . പൊലീസ് എത്ര കാവലിട്ടാലും അവരെയെല്ലാം കബളിപ്പിച്ച് കളവു നടത്തി മടങ്ങുന്ന കള്ളന്‍ . ഇതുപോലെ പൊലീസിനെ വെല്ലുവിളിച്ച് ഒരു കള്ളന്‍ തൃശൂരിലുമുണ്ടായിരുന്നു. കഴിഞ്ഞ പത്തു മാസമായി തൃശൂരിലെ പൊലീസിനെ അമ്മാനമാടിയ കള്ളന്‍ . മന്ത്രി എ.സി.മൊയ്തീന്‍റെ വീട്ടില്‍ വരെ കവര്‍ച്ചയ്ക്കു ശ്രമിച്ച കള്ളന്‍ . പ്രമുഖ അഭിഭാഷകന്‍ ബി.എ.ആളൂരിന്റെ സഹോദരിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കള്ളന്‍ . കവര്‍ച്ചയ്ക്കു ശേഷം ആ വീടുകളുടെ ഭിത്തിയില്‍ ഇങ്ങനെ എഴുതിയിരുന്നു. ‘‘ധൈര്യമുണ്ടെങ്കില്‍ പിടിക്കടാ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ. വലിയ ആളാണെന്ന് പറഞ്ഞ് നടന്നാല്‍ പോര. സി.ഐയ്ക്ക് എന്നെ തൊടാന്‍ പോലും പറ്റില്ല’’. സി.ഐയ്ക്കു തൊടാന്‍ പറ്റിയില്ലെന്നതു സത്യം. പക്ഷേ, പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും. ഈ പഴമൊഴി കള്ളനെ കുടുക്കി.
കള്ളന്‍ എങ്ങനെ വലയിലായി?
വടക്കാഞ്ചേരി തെക്കുംക്കരയില്‍ നേരം രാത്രി പത്തു മണി. വീട്ടുകാര്‍ ഉറങ്ങിയിട്ടില്ല. ഈ സമയം, പിന്‍വാതിലിലൂടെ ഒരാള്‍ വീട്ടില്‍ കയറി. വീട്ടമ്മ ഇതുകണ്ടു. നിലവിളിച്ചു. കള്ളനാകട്ടെ ഇറങ്ങിയോടി. പക്ഷേ, വീട്ടമ്മ കള്ളനെ കണ്ടിരുന്നു. നാട്ടുകാരനായ സുരേഷ്ബാബുവിന്റെ ചായയുണ്ടെന്ന് വീട്ടമ്മ പറഞ്ഞു. അയല്‍വാസികള്‍ ഓടിയെത്തി. മോഷണങ്ങള്‍ പലക്കുറി നടന്ന നാടാണ്. ആളുകള്‍ കൂട്ടംക്കൂടി. തൊട്ടടുത്ത വീടിന്റെ മുമ്പില്‍ ഒരു ബൈക്ക് നിര്‍ത്തിയിട്ടത് നാട്ടുകാരില്‍ ആരോ ശ്രദ്ധിച്ചു. ബൈക്ക് ആരുടേതാണെന്ന് അന്വേഷിച്ചപ്പോള്‍ നേരത്തെ വീട്ടമ്മ പറഞ്ഞ അതേസുരേഷ്ബാബുവിന്റേത്. പാഞ്ഞെത്തിയ പൊലീസിനോട് സുരേഷ്ബാബുവിന്റെ കാര്യം നാട്ടുകാര്‍ പറഞ്ഞു. ഉടനെ, പൊലീസ് സംഘം പോയത് സുരേഷ്ബാബുവിന്റെ വീട്ടില്‍ . സുരേഷ് ബാബുവിന്റെ വീട്ടുകാര്‍ പറഞ്ഞു ആളിവിടെ ഇല്ല. പുറത്തുപോയെന്ന്. പൊലീസ് മടങ്ങാനൊരുങ്ങുമ്പോള്‍ ദേ വരുന്നൂ... സുരേഷ് ബാബു. ദേഹംമുഴുവന്‍ ചെളി. വീട്ടമ്മ നിലവിളിച്ചപ്പോള്‍ ഇറങ്ങിയോടിയത് പാടത്തേയ്ക്കായിരുന്നു. ഓട്ടത്തിന്റെ പരക്കംപാച്ചിലില്‍ ചെളിയില്‍ വീണു. പിന്നെ, വൃത്തിയാക്കാന്‍ വേണ്ടി വീട്ടിലേക്ക് വരുമ്പോഴാണ് പൊലീസ് കയ്യോടെ പിടികൂടിയത്.
കള്ളനായതെങ്ങനെ?
എ.സി. െമക്കാനിക്കായിരുന്നു. നല്ല കളരി അഭ്യാസിയും. പെട്ടെന്നു കാശുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചതാണ്. ആളില്ലാത്ത വീടുകളാണ് തിരഞ്ഞെടുത്തിരുന്നത്. മന്ത്രി എ.സി.മൊയ്തീന്‍റെ വീട്ടില്‍ കയറിയപ്പോള്‍ പെട്ടെന്ന് പൊലീസ് വണ്ടി പുറത്തെത്തി. ഈ സമയം, ഇറങ്ങിയോടി. മന്ത്രിയും കുടുംബവും വീട്ടില്‍ ഇല്ലായിരുന്നു. പിറ്റേന്ന് തിരുവനന്തപുരത്ത് നിന്ന് മന്ത്രിയും കുടുംബവും വരുമെന്നറിഞ്ഞ് എത്തിയ പൊലീസ് സംഘമായിരുന്നു അത്. മന്ത്രിയുടെ വീട്ടില്‍ കവര്‍ച്ച നടന്ന വിവരം വലിയ വാര്‍ത്തയായപ്പോള്‍ സംഗതി കൊള്ളാമെന്ന് തോന്നി. പിറ്റേന്നു മറ്റൊരു വീട്ടില്‍ കയറിയപ്പോഴാണ് ഭിത്തിയില്‍ പൊലീസിെന വെല്ലുവിളിച്ച് ഒരോന്ന് എഴുതിപിടിപ്പിച്ചത്. അങ്ങനെ എഴുതിയതും വാര്‍ത്തയായപ്പോള്‍ രസംകൊണ്ടു. പിന്നെ, പലവീടുകളിലും കയറി. അവസാനം, ചെളിയില്‍ കുടുങ്ങിയതോടെ എല്ലാം പൊളിഞ്ഞു.