തന്റേതെന്ന പേരിൽ നഗ്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിയമ നടപടിക്കൊരുങ്ങുന്നു. മറ്റു ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്കൊപ്പം പുന്നമടക്കായലിൽ ബോട്ടു യാത്ര നടത്തിയതുമായി ബന്ധപ്പെടുത്തിയാണ് മലപ്പുറം മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് കണ്ണിയൻ റുഖിയയെ അപമാനിക്കാനുളള നീക്കം.
ചിത്രത്തിലുളളത് ഗ്രാമ പഞ്ചായത്ത് അധ്യക്ഷ കണ്ണിയൻ റുഖിയയും വൈസ് പ്രസിഡന്റ് പന്താർ മുഹമ്മദും മറ്റു രണ്ട് അംഗങ്ങളുമാണ്. ഈ മാസം ഏഴിന് ആലപ്പുഴയിൽ നടന്ന കയര്‍ കേരള പദ്ധതിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് നാല് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഒപ്പം പുന്നമടക്കായലിൽ ബോട്ടുയാത്ര നടത്തിയത്. ഈ ചിത്രങ്ങൾക്കൊപ്പം റുഖിയയുടേത് എന്ന പേരിൽ നഗ്നചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്.
നഗ്നചിത്രത്തിലുളളത് റുഖിയ അല്ലെന്ന് അടുത്തറിയുന്നവർക്കെല്ലാം വ്യക്തമാണ്. അപമാനഭാരം മൂലം പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണന്ന് റുഖിയ പറയുന്നു. ഒപ്പം നിയമനടപടിയും ആരംഭിച്ചിട്ടുണ്ട്. വനിത കമ്മീഷനും പരാതി നൽകി. റുഖിയ പരാതിയുമായി മുന്നോട്ട് പോകുമ്പോഴും സമൂഹ മാധ്യമങ്ങൾ അപമാനകരമായ പ്രചാരണം തുടരുകയാണ്.