സംശയാസ്പ്ദമായ സാഹചര്യത്തിൽ വനിത ഹോസ്റ്റലിന്റെ മുന്നിലെത്തിയത് ചോദ്യം ചെയ്തതിന്റെ പേരിൽ പതിനാറുകാരനെ മർദിച്ചവശനാക്കിയ എസ്.ഐയോട് നേരീട്ടു ഹാജരാകാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. കോഴിക്കോട് െമഡിക്കൽ കോളേജ് എസ്.ഐ ഹബീബുള്ളയോടാണ് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ കമ്മീഷൻ ഉത്തരവിട്ടത്.
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയ കേസെടുക്കുകയായിരുന്നു. വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മീഷണർക്കും കമ്മിഷൻ നിർദേശം നൽകി. മലബാർ ക്രിസ്ത്യൻ കോളേജ് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യർഥിയെ മെഡിക്കൽ കോളേജ് എസ്.ഐ മർദിച്ചവശനാക്കിയ കേസിലാണ് കമ്മിഷന്റെ ഇടപെടൽ. അതേ സമയം ആരോപണ വിധേനനായ എസ്.ഐയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് ക്രിസ്ത്യൻ കോളേജ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യർഥികൾ നടക്കാവ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ കേസിനാധാരമായ സംഭവം. എരഞ്ഞിപ്പാലം പാസ്പോർട്ട് ഓഫീസിന് സമീപമുള്ള വനിത ഹോസ്റ്റലിൽ അർദ്ധ രാത്രിയിൽ എസ്.ഐ എത്തിയത് സമീപത്ത് താമസിക്കുന്ന കുടുംബം ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ എസ്.ഐ കുട്ടിയെ മർദിച്ചവശനാക്കി പൊലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചെന്നാണ് പരാതി. പരുക്കേറ്റ വിദ്യാർഥി ബീച്ച് ആശുപത്രിയിൽ ചികിൽസയിലാണ്.