കോഴിക്കോട്ട് പതിനാറുവയസുകാരനെ മര്‍ദിച്ച സംഭവത്തിൽ എസ്ഐയോട് നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം
കേസില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് കമ്മിഷണര്‍ക്കും കമ്മിഷൻ നിർദേശം നൽകി.പതിനാറുകാരനെ എസ്.ഐ മർദിച്ച് പരുക്കേൽപ്പിച്ചതായുള്ള പരാതിയിൽ ഡി.ജി.പി വിശദമായ റിപ്പോർട്ട് തേടിയിരുന്നു. . അർദ്ധരാത്രിയിൽ വീടിനുസമീപത്തെ വനിതാഹോസ്റ്റലിനുമുന്നിൽ എസ്.ഐയെ കണ്ടപ്പോള്‍ കാര്യം തിരക്കിയതിന് ചീത്തവിളിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് പരാതി.
നടക്കാവ് പാസ്പോർട്ട് ഒാഫിസിനു സമീപത്തെ വനിതാ ഹോസ്റ്റലിനുമുന്നിലാണ് സംഭവമുണ്ടായത്. അസമയത്ത് ഹോസ്റ്റൽ ഗെയ്റ്റിന് സമീപം എസ്.ഐയെ കണ്ട അയൽവാസികൾ കാര്യം തിരക്കി. വീട്ടുകാരോട് യൂണിഫോമിലായിരുന്ന എസ്.ഐ തട്ടിക്കയറുകയായിരുന്നു. തർക്കം മൂത്തതോടെ വിദ്യാർഥിയായ അജയിനെ എസ്.ഐ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. കഴുത്തിനു സാരമായി പരുക്കേറ്റ അജയ് ബീച്ച് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.
മകനെ മർദിച്ച എസ്.ഐയ്ക്കെതിരെ എത്രയും വേഗം നടപടി സ്വീകരിക്കണമന്ന് കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം പ്രതിശ്രുതവധുവിനെ കാണാനെത്തിയപ്പോൾ നാട്ടുകാർ തടഞ്ഞുവച്ചുവെന്നാണ് എസ്.ഐയുടെ വാദം.