TOPICS COVERED

ഒറ്റക്കാഴ്ചയിൽ തന്നെ കണ്ണിനു കുളിർമയേകുന്ന പക്ഷി വർഗമാണ് മലമുഴക്കി വേഴാമ്പൽ. വയനാടിന്റെ ഉൾകാടുകളിൽ മാത്രം കണ്ടിരുന്ന ഇവയെ ഇപ്പോൾ നഗരപ്രദേശങ്ങളിലും കണ്ടു വരുന്നുവെന്നാണ് നിരീക്ഷണം. വലിയ ശബ്ദത്തോടെയുള്ള ഇവ പല ആളുകളുടെയും ക്യാമറ കണ്ണുകൾക്കു മുന്നിലെത്തുന്നുണ്ട്.

വയനാട്ടിലെ നിത്യ ഹരിത വനങ്ങളിൽ മാത്രമായാണ് മലമുഴക്കി വേഴാമ്പലുകളെ കണ്ടിരുന്നത്. വലിയ ശബ്ദവും ഉയരത്തിലുള്ള പറക്കലും ഒക്കെ അപൂർവമായാണ് കണ്ടിരുന്നത്. പക്ഷെ ഇന്നതിൽ മാറ്റം വന്നു തുടങ്ങി. നിരവധിയിടങ്ങളിൽ ഇന്ന് വേഴാമ്പലുകൾ സ്ഥിരം സാന്നിധ്യമാണ്. കൽപ്പറ്റയിലും മേപ്പാടിയിലും ബത്തേരിയിലും ഇടയ്ക്കിടെ വേഴാമ്പലുകളെ കണ്ടു വരുന്നുണ്ട്. മനുഷ്യ വാസവും ശബ്ദവും ഏറെയുള്ള പ്രദേശങ്ങളിൽ പോലും വേഴാമ്പലുകൾ ഉണ്ട്.

അതിരപ്പിള്ളി, മലക്കപ്പാറ, നെല്ലിയാമ്പതി മേഖലകളിലാണ് സ്ഥിരമായി വേഴാമ്പലുകളെ കാണാറുള്ളത്. ഉയരമുള്ള വലിയ മരങ്ങളിലാണ് വാസം. കാടും ആഹാരവ്യവസ്ഥയും അനുകൂലമായാൽ അറുപതിലധികം വർഷം ആയുസ്സുണ്ട്. കാലാവസ്ഥയും ആഹാരവ്യവസഥയും അനുകൂലമായതാണ് വേഴാമ്പലുകളുടെ കൂടുതലായുള്ള വരവിനു പിന്നിൽ. പക്ഷി നിരീക്ഷകരുടെ എണ്ണവും നിരീക്ഷണവും വർധിച്ചതാകാം സ്ഥിരമായി കാണുന്നതിനു പിന്നിലെന്നും അഭിപ്രായമുണ്ട്.