വർഷങ്ങൾക്കിപ്പുറം നൃത്തച്ചുവടുകളുമായി ഗായിക സിത്താര കൃഷ്ണകുമാർ. നവരാത്രിയോട് അനുബന്ധിച്ചു പുറത്തിറക്കിയ ശ്രീ ഗുരുഭ്യോ നമഃ എന്ന കവർ വിഡിയോയിലാണു സിത്താര നൃത്തം ചെയ്യുന്നത്. പത്തുവർഷങ്ങൾക്കു ശേഷമാണു ചിലങ്ക അണിയുന്നതെന്നു സിത്താര പറഞ്ഞു.
മാധവൻ കിഴക്കുട്ടിന്റെ വരികൾക്കു ബിനീഷ് ഭാസ്കരനാണ് ഈണം പകർന്നിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്ന സിത്താര തന്നെയാണ്. സിത്താരയുടെ സ്വതന്ത്ര വിഡിയോ പങ്കുവച്ച് മഞ്ജു വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: 'നമുക്കെല്ലാവർക്കും ഏറെ പ്രിയങ്കരിയായ അനുഗൃഹീത ഗായിക സിതാര കൃഷ്ണകുമാർ ഗുരുസമർപ്പണമായി അവതരിപ്പിക്കുന്ന ഗാനം. ഇതിനു വേണ്ടി പത്തു വർഷങ്ങൾക്കു ശേഷമാണ് വീണ്ടും സിതാര നൃത്തം ചെയ്തത് എന്നറിയുന്നു. ഒരുപാട് സന്തോഷം, സ്നേഹം.
എന്റെ സംഗീതത്തെ സ്നേഹിക്കുകയും പിന്തുണയും പ്രോത്സാഹനവും നൽകുകയും ചെയ്തവർക്കു നന്ദി' എന്ന കുറിപ്പോടെയാണ് സിത്താര വിഡിയോ പങ്കുവച്ചത്. മികച്ച പ്രതികരണമാണു സിത്താരയുടെ വിഡിയോക്കു ലഭിക്കുന്നത്. 'സിത്താര ഗാനാലാപനവും നൃത്തവും അതിഗംഭീരം' എന്നാണു പലരുടെയും കമന്റുകൾ. സംഗീതം പോലെ തന്നെ നൃത്തത്തിലും മികവു തെളിയിച്ചിരിക്കുകയാണ് സിത്താര. നൃത്ത – സംഗീത വിശേഷങ്ങള്‍ പങ്കുവെക്കുന്നതോടൊപ്പം മീ ടു മുന്നേറ്റത്തെ പിന്തുണക്കുകയും ചെയ്യുന്നുണ്ട് സിത്താര.