മലയാള സിനിമയില്‍ സജീവസാന്നിധ്യമാകുന്ന ദേവനന്ദയുടെ വിശേഷങ്ങളാണ് ഇനി. മൈ സാന്‍റാ എന്ന ചിത്രത്തിലെ കാന്‍സര്‍ രോഗിയുടെ കഥാപാത്രം അനശ്വരമാക്കിയ ദേവനന്ദയുടെ മൂന്നു ബിഗ് ബജറ്റ് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. എല്ലാം സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം.
തൊട്ടപ്പനിലൂടെയെത്തി സാന്‍റായുടെ കൈപിടിച്ച് മലയാള സിനിമയില്‍ ചുവടുറപ്പിച്ച ആറുവയസുകാരി. മൈ സാന്‍റ എന്ന ചിത്രത്തില്‍ പ്രധാനവേഷമായിരുന്നെങ്കിലും ദേവനന്ദ മാധ്യമങ്ങള്‍ക്ക് സുപരിചിതയായില്ല. സിനിമയുടെ സസ്പെന്‍സ് ഒളിപ്പിച്ച കഥാപാത്രമായതുകൊണ്ട് റിലീസിനുമുന്‍പ് ദേവനന്ദയെ വേദിയിലേക്ക് കൊണ്ടുവരേണ്ടെന്നത് അണിയറപ്രവര്‍ത്തകരുടെ തീരുമാനമായിരുന്നു.
ആറുവയസുകാരിക്ക് അഭിനയിച്ചുഫലിപ്പിക്കുക എളുപ്പമല്ലാത്ത കാന്‍സര്‍ രോഗിയുടെ വേഷം ദേവനന്ദ അനായാസം കൈകാര്യംചെയ്ത് കയ്യടി നേടി.
തൊട്ടപ്പന്‍ തൊട്ട് തൊട്ടതെല്ലാം പൊന്നാക്കിയ മിടുക്കിക്കുട്ടിക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. പ്രളയദുരന്തം പ്രമേയമാകുന്ന, ടൊവിനോ തോമസ് നായകനായി എത്തുന്ന 2403 ഫീറ്റ്, വിജയ് യേശുദാസ് നായകനാകുന്ന, ഷാലിൽ കല്ലൂർ സംവിധാനം ചെയ്യുന്ന സാല്‍മണ്‍ എന്ന ത്രീഡി സിനിമ, ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ടൊവിനോ ചിത്രം മിന്നല്‍ മുരളി എന്നിവയാണ് ദേവനന്ദയുടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍. ഇതില്‍ സാല്‍മണ്‍ അഞ്ചുഭാഷകളില്‍ എത്തുന്നു.