മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പാർട്ടി നേതൃത്വത്തിന് നൽകിയ പരാതി സമൂഹ മാധ്യമത്തിലൂടെ പരസ്യമാക്കിയിരിക്കുകയാണ് പി.വി.അൻവർ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അൻവർ നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ കുറിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ലെന്ന് ഒരു ചാനൽ ചർച്ചയിൽ സി പി എം പ്രതിനിധി പറഞ്ഞത് തനിക്കു മാനഹാനി ഉണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് അൻവർ പാർട്ടി സെക്രട്ടറിക്കു അയച്ച കത്തുപുറത്തുവിട്ടത്.

സ്വർണ്ണക്കടത്തിൻറെ പങ്ക് പറ്റുന്നുവെന്നും കേസുകളിൽ ഒത്ത് തീർപ്പുണ്ടാക്കി ലക്ഷങ്ങൾ കൈപ്പറ്റുന്നു എന്നതടക്കം ഗുരുതര ആക്ഷേപങ്ങളാണ് ശശിക്കെതിരെ പരാതിയിൽ അൻവർ ഉന്നയിക്കുന്നത്. സോളാർ കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയതിലും എഡിജിപി അജിത് കുമാറിനൊപ്പം ശശിയുമുണ്ടെന്നു പറയുന്ന അൻവർ ശശിയുടെ സ്വഭാവത്തിലും അപകടം ചൂണ്ടിക്കാണിക്കുന്നു.  മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാനെത്തുന്ന സ്ത്രീകളുടെ ഫോൺ നമ്പർ വാങ്ങി ശൃംഗാര ഭാവത്തിൽ ഇടപെടുന്നു എന്നാണ് ആരോപണം. 

പാർട്ടിക്കാരെ സർക്കാറിൽ നിന്നും അകറ്റിനിർത്തുന്ന ശശിക്കെതിരെ നടപടി വേണമെന്നും  എംവി ഗോവിന്ദന് നൽകിയ പരാതിയിലെ ആവശ്യമുന്നയിക്കുന്നുണ്ട് . സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊളിറ്റിക്കൽ സെക്രട്ടറി വ്യക്തിപരമായ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുന്നു എന്ന ഗുരുതര സ്വഭാവത്തിലുള്ള പരാതി കിട്ടിയിട്ടും എങ്ങനെയാണ് മുഖ്യമന്ത്രിക്കും പാർട്ടിക്കും പി ശശിക്ക് ക്ലീൻ ചിറ്റ് നൽകാൻ കഴിഞ്ഞത്. പി.ശശിക്കെതിരെ ആരോപണങ്ങൾ ഉയർന്നതിനുശേഷം മുഖ്യമന്ത്രി ആദ്യമായി നടത്തിയ പ്രതികരണത്തിൽ ആരോപണങ്ങൾ തള്ളുക എന്നതിനപ്പുറം ഒരുപരിശോധനയും അതിൽ ആവശ്യമില്ല എന്ന് തറപ്പിച്ചുപറയുകയും ചെയ്യുന്നു.

ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളവും മറ്റു ആനുകൂല്യങ്ങളും വാങ്ങുന്ന ഒരാൾക്കെതിരെ അഴിമതി ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉയരുമ്പോൾ ഒരന്വേഷണവും വേണ്ട എന്ന് ഒരു മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനിക്കുന്നത് ശരിയാണോ ? ഇനി മുഖ്യമന്ത്രി പറഞ്ഞതുപോലെ തെളിവില്ലാത്ത ആരോപണങ്ങൾ മാത്രമാണെങ്കിൽ അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന അൻവറിനെതിരെ നിയമനടപടി സ്വീകരിക്കണ്ടേ?അൻവർ രേഖാമൂലം നൽകിയ പരാതികൂടി പുറത്തുവന്ന പശ്ചാത്തലത്തിൽ ടോക്കിങ് പോയിന്റിൽ ഇന്ന് നമ്മൾ സംസാരിക്കുന്നു.. ആരോപണങ്ങൾ അന്വേഷിക്കണ്ടേ ?

ENGLISH SUMMARY:

PV Anvar has serious allegations against P Sasi, Why there is no investigation