വനാതിര്‍ത്തിയിലെ, ഭരണകൂട അനാസ്ഥയുടെ ഒടുവിലെത്തെ ഇരയാണ് കോതമംഗലം കുട്ടമ്പുഴ വലിയ ക്ണാച്ചേരിയിലെ നാല്‍പതുകാരന്‍ എല്‍ദോസ്.. എന്ന പാവം മനുഷ്യന്‍. ക്രിസ്മസിന് സ്വന്തം കുടുംബത്തോടൊപ്പം കൂടാന്‍ എറണാകുളത്തെ ജോലി സ്ഥലത്ത് നിന്ന് പുറപ്പെട്ട്, ക്ണാച്ചേരിയില്‍ ഇന്നലെ രാത്രി എട്ടുമണിക്ക് ബസിറങ്ങിയതാണ് എല്‍ദോസ് . ഒരു കിലോമീറ്റര്‍ നീണ്ട വനപാത താണ്ടുന്നതിനിടെ, ഓര്‍ക്കപ്പുറത്ത് കാട്ടാന ചവിട്ടി, കടുത്ത ആക്രമണം, സങ്കടകരമായ മരണം. വഴിയില്‍ ആനയുണ്ടെന്ന് വനപാലകരോട് പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍. അപകടം പിടിച്ച ആ വഴിയില്‍ വെട്ടമോ വെളിച്ചമോ ഇല്ല, നോക്കുകുത്തിയായ സ്ട്രീറ്റ് ലൈറ്റ് കാല്‍, ആനയെ തടയാന്‍ ഫെന്‍സിങ്ങുമില്ല. എല്ലാം വാഗ്ദാനങ്ങളായി ഫയലില്‍ ഉറങ്ങുകയായിരുന്നു. എല്‍ദോസിന്‍റെ മരണത്തോടെ ക്ഷമയറ്റ്, ഇന്നലെ രാത്രി എട്ട് മുപ്പതുമുതല്‍ ഇന്ന് വൈകീട്ട് അഞ്ച് മണിവരെ, കുട്ടമ്പുഴ മുതല്‍ കോതമംഗലം വരെ ജനം പ്രതിഷേധച്ചൂടറിയിച്ചു. ആ പൊള്ളലില്‍... തിരക്കിട്ട പദ്ധതികളുമായി വനംവകുപ്പ് ഉറക്കമുണര്‍ന്നു. കലക്ടർ നൽകിയ ഉറപ്പുപ്രകാരം കിടങ്ങിന്റെ നിർമാണം പ്രദേശത്ത് തുടങ്ങി. അതുകൊണ്ടായോ ? മനുഷ്യന് സുരക്ഷിതത്വം ഉറപ്പാക്കുന്ന പരിഹാരത്തിന്,, എന്നാണ് വനംവകുപ്പും സര്‍ക്കാരും തയാറാവുക ? പറഞ്ഞ വാക്ക് പാലിക്കാന്‍, ഇനിയും എത്ര ജീവന്‍ ബലി കഴിക്കേണ്ടി വരും ?