ഷഫീഖിന്‍റെ അമ്മയല്ല രാഗിണി. അമ്മയേക്കാള്‍ മഹത്തരമായ എന്തെങ്കിലുമുണ്ടെങ്കില്‍ അതായിരിക്കണം. താന്‍ പ്രസവിക്കാത്ത, തന്‍റെ ആരുമല്ലാത്ത, താന്‍ കാട്ടുന്ന കരുണയും സ്നേഹവും തിരിച്ചറിയാന്‍ കഴിയാത്ത, തീര്‍ത്തും അപരിചിതനായിരുന്ന ഒരഞ്ചുവയസുകാരന് വേണ്ടി ജീവിതത്തിന്‍റെ ഒരു പതിറ്റാണ്ട് മാറ്റിവച്ച ഒരാളെ അമ്മയെന്ന് വിളിച്ചാല്‍ കുറഞ്ഞുപോകും. ഓടിക്കളിച്ചു നടന്ന മിടുക്കനായ ഒരുകുരുന്നിന്, ഏറ്റവും ദൗര്‍ഭാഗ്യകരമായ വിധി സമ്മാനിച്ചത് അവന്‍റെ അച്ഛനമ്മമാരും രണ്ടാനമ്മയുമാണ്. താന്‍ വളര്‍ന്നതോ കൗമാരക്കാരനായതോ അറിയാതെ ജീവിതത്തിന്‍റെ ഒരു പതിറ്റാണ്ട് ഷഫീഖ് പിന്നിട്ടു കഴിഞ്ഞു. നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം അവനെ ഈ വിധമാക്കിയവര്‍ ശിക്ഷിക്കപ്പെടുകയാണ്, ആ പഴയ അഞ്ചുവയസുകാരനോട്, ഇന്നത്തെ പതിനാറുകാരനോട്, ജീവിച്ചിരിപ്പുണ്ടെന്ന് പോലും സ്വയമറിയാതെ ഇനിയും അവന്‍ ജീവിച്ചു തീര്‍ക്കേണ്ട വര്‍ഷങ്ങളോട് ആര്‍ക്കാണ് ഉത്തരവാദിത്തം?