നാളെ അത്തം. ഓണപ്പൂക്കളം ഒരുക്കാൻ തൊടിയിലും പാടത്തും നടന്ന് പൂവിറുക്കുന്ന കാലം ഏതാണ്ട് മാഞ്ഞു. സംസ്ഥാനത്തിന് പുറത്തുനിന്നുവരെ പൂക്കൾ വരുന്ന ഇക്കാലത്ത് നാട്ടിലെ പൂന്തോട്ടങ്ങൾ നല്ലൊരു കാഴ്ചയാണ്. എറണാകുളം മുളന്തുരുത്തിയിലും ഉണ്ട് അത്തരമൊരു പൂന്തോട്ടം.
ചാലിമലയിലെ ഈ 20 സെന്റ് കാടുപിടിച്ചു കിടക്കുകയായിരുന്നു. നാട്ടിലൊരു പൂന്തോട്ടം ഉണ്ടാക്കിയാലോ എന്ന് വാർഡ് മെമ്പർ മഞ്ജുവിന്റെ ചോദ്യം. നാട്ടിലെ കർഷകരായ ഗോവിന്ദൻ ചേട്ടനും ജോസ് ചേട്ടനും അജയൻ ചേട്ടനും തലകുലുക്കി. കുടുംബശ്രീ, തൊഴിലുറപ്പ് ചേച്ചിമാരും കൂടെ കൂടിയതോടെ പൂന്തോട്ട നിർമ്മാണം അങ്ങ് ഉഷാറായി.
ആയിരം തൈകൾ നട്ടു. വെള്ളമൊഴിച്ചും കള പറിച്ചും നാട്ടുകാർ തന്നെ കാവലിരുന്നു. അങ്ങനെ ഓണം എത്തുന്നതിനു മുൻപേ ചാലിമലയിൽ പൂന്തോട്ടമായി. ആദ്യതവണ 25 കിലോ പൂവാണ് പറിച്ചെടുത്തത്. ഓണം അടുത്തപ്പോഴേക്കും ആവശ്യക്കാരും കൂടി.