ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്ന് മലയാളത്തിലെ ഒരു യുവ താരത്തിന്‍റെ സിനിമ റിലീസാവുകയാണ്. പ്രേക്ഷക പ്രതികരണം നേരിട്ട് അറിയാനായി താരം പ്രേക്ഷകര്‍ക്ക് ഒപ്പം സിനിമയ്ക്ക് കയറി. ഇടവേള ആയപ്പോൾ താരത്തിന് മനസ്സിലായി സിനിമ പ്രേക്ഷകർക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്ന്. അയാള്‍ പുറത്തേക്കിറങ്ങിയപ്പോൾ, സിനിമ കണ്ട് ഇറങ്ങിയ ഒരാൾ താരത്തെ അടുത്തേക്കു വിളിച്ചു. എന്താ ചേട്ടാ എന്ന് ചോദിച്ച് ചെന്ന താരത്തോട് ആ മനുഷ്യന്‍ പറഞ്ഞത് നീ എന്‍റെ ടിക്കറ്റ് കാശ് തന്നിട്ട് പോയാല്‍ മതിയെന്നാണ്, അത് കേട്ട് നമ്മുടെ നായകന്‍ ഒന്ന് പരുങ്ങി. അപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു ‘ഞങ്ങൾക്ക് നിന്നോട് ഒരു ഇഷ്ടമുണ്ട്. അതു കളയരുത്’
വര്‍ഷങ്ങള്‍ പിന്നെയും കടന്നു പോയി ആ നടന്‍റെ സിനിമകള്‍ പലകുറി തിയറ്ററുകളില്‍ വന്നു പോയി, മലയാളിക്ക് അയാളോടുള്ള ഇഷ്ടത്തിന് കുറവൊന്നും വന്നില്ല. അതില്‍ ചിലത് കയ്യടിപ്പിച്ചു. മറ്റു പലതും ഒരാരവവും കേള്‍പ്പിക്കാതെ കടന്നുപോയി. ഏറ്റവും അവസാനം ഇക്കഴിഞ്ഞ മെയ് 24ന് അയാളുടെ പുതിയ ചിത്രം തിയറ്ററിലെത്തി. ഈ തവണയും അയാള്‍ തിയറ്ററില്‍ തന്‍റെ ചിത്രം കാണാനായി പോയി. കൂടെ ഉമ്മയും ബാപ്പയും അടക്കം കുടുംബാംഗങ്ങളും. സിനിമ കഴിഞ്ഞ് നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ ഉമ്മ തന്‍റെ മകനെ ചേര്‍ത്ത് നിര്‍ത്തി ഒരു മുത്തം കൊടുത്തു.. കണ്ണ് നിറഞ്ഞ് പുറത്തേക്ക് ഇറങ്ങിയ താരം വിങ്ങലോടെയാണ് മാധ്യമങ്ങളെ കണ്ടത്, തുടര്‍ പരാജയങ്ങളില്‍ വല്ലാതെ ഉലഞ്ഞിരുന്ന ആ നടന് ഈ സിനിമ ഒരു തിരിച്ച് വരവ് തന്നെയായിരുന്നു..ആ ചിത്രത്തിന്‍റെ പേര് തലവന്‍. തിയറ്ററില്‍ നിന്ന് വിങ്ങലോടെ ഇറങ്ങി കണ്ണ് നിറഞ്ഞ് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ ആ നടന്‍ തൊടുപുഴക്കാരന്‍ മരവെട്ടിക്കൽ വീട്ടില്‍ എം.പി.ഷൗക്കത്ത് അലിയുടെയും മോളിയുടെയും മകന്‍ ആസിഫ് അലി.