തൃപ്പൂണിത്തുറയിലെ ഒരു സാധാരണ കുടുംബത്തിലെ പയ്യന്‍. സിനിമ മാത്രമാണ് അയാളുടെ സ്വപ്നം. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ മിമിക്രിയിലൂടെ അവന്‍ കലയോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു. പക്ഷെ സിനിമയിലേക്ക് വഴിതുറക്കാന്‍ കഴിവുള്ള ആരെയും പരിചയമില്ല. എങ്കിലും തന്റെ ഏറ്റവും വലിയ സ്വപ്നം വിട്ടുകളയാൻ അവന്‍ ഒരുക്കമായിരുന്നില്ല. അതിലേക്കുള്ള വഴിയെന്നോണം പയ്യന്‍സ് കൊച്ചി കലാഭവനിലേക്ക് കയറിച്ചെന്നു.

മിമിക്രി ചെയ്യാം, തന്നെ ട്രൂപ്പില്‍ എടുക്കാമോ എന്ന് അയാള്‍ അപ്പോള്‍ കലാഭവനില്‍ ഉണ്ടായിരുന്നവരോട് ചോദിച്ചു. സിനിമാതാരങ്ങളുടെ ശബ്ദം അനുകരിച്ച് കാണിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. പത്തോളം പേരുടെ ശബ്ദം അവന്‍ അനുകരിച്ചു. ‘എല്ലാം ഒരുപോലെയിരിക്കുന്നല്ലോ മോനേ’ എന്നായിരുന്നു അവരുടെ പ്രതികരണം. എങ്കില്‍പ്പിന്നെ മിമിക്രി പഠിപ്പിക്കുമോ എന്നായി ചെറുപ്പക്കാരന്‍. ഇപ്പോള്‍ അതിനൊന്നും പ്ലാനില്ല എന്നുപറഞ്ഞ് അവര്‍ അവനെ തിരിച്ചയച്ചു.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ആ ചെറുപ്പക്കാരൻ പത്രത്തില്‍ ഒരു പരസ്യം കണ്ടു. കലാഭവനില്‍  മിമിക്രി പഠിപ്പിക്കുന്നു. ഒട്ടും വൈകാതെ അയാള്‍ മിമിക്രി പഠിക്കാൻ കലാഭവനിലെത്തി. അവിടെ പഠിക്കാന്‍ വന്നവരെ ചേര്‍ത്ത് ആ ചെറുപ്പക്കാരൻ ഒരു ട്രൂപ്പ് ഉണ്ടാക്കി. അവര്‍ക്ക് ആദ്യം കിട്ടിയ പരിപാടി ഒരു അമ്പലത്തിലെ ഉത്സവമായിരുന്നു. പോഗ്രാം കഴിഞ്ഞപ്പോള്‍ അമ്പലപ്പറമ്പില്‍ നിന്ന  ഒരു മനുഷ്യന്‍ ആ ചെറുപ്പക്കാരന് ഒരു രൂപ കൊടുത്തിട്ട് പറഞ്ഞു, ‘പരിപാടി കലക്കി മോനേ... നീ വലിയ ആളാകും’. പിന്നീട് ആ ചെറുപ്പക്കാരന്‍ മിമിക്രി വേദികളിലെ സ്ഥിരം സാന്നിധ്യമായി മാറി. കോട്ടയം നസീറിന്‍റെ കൊച്ചിൻ ഡിസ്കവറി എന്ന മിമിക്രി ട്രൂപ്പിൽ ചേർന്നതോടെ അവസരങ്ങള്‍ വലുതായി. 1995, 96, 97 വര്‍ഷങ്ങളില്‍ മൂന്ന് സിനിമകളില്‍ തലകാണിച്ചു. പക്ഷേ ആരും ശ്രദ്ധിച്ചില്ല.

ഒടുവില്‍ ടെലിവിഷൻ അവതാരകനായി. സൂപ്പര്‍ഹിറ്റായ ആ ടെലിവിഷന്‍ കോമഡി പരിപാടിയാണ് 1998ല്‍ അയാള്‍ക്ക് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ശരിക്കും വഴിതുറന്നത്. 1998ല്‍ ഗ്രാമപഞ്ചായത്ത് എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം. തൊട്ടടുത്ത വര്‍ഷം പത്രം എന്ന ഹിറ്റ് സിനിമയിലെ ചെറിയ വേഷം. വീണ്ടും സിനിമയില്ലാക്കാലം. ടിവി പ്രോഗ്രാം തുടര്‍ന്നു. 2001ല്‍ രണ്ട് സിനിമകള്‍. 2002ല്‍ ആറെണ്ണം. അതേവര്‍ഷം തന്നെ ആദ്യ നായകവേഷവും അയാളെ തേടിയെത്തി. വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍. ഈ ചിത്രം തമിഴിലും കന്നഡയിലും റീമേക്ക് ചെയ്തപ്പോഴും നായകനടന്‍ മാറിയില്ല. പുതിയൊരു താരത്തിന്റെ പിറവിയായിരുന്നു അത്. മിമിക്രി വഴി ടെലിവിഷനിലൂടെ സിനിമയെന്ന സ്വപ്നം പിടിച്ചെടുത്ത ആ പയ്യന്‍ ഇന്ന് മലയാളത്തിലെ മുന്‍നിര നായകരില്‍ തിളക്കമുള്ള മുഖമാണ്. പേര് ജയസൂര്യ!

വിഡിയോ