rajini-himalayas

മിറാക്കിള്‍സ് ഡു ഹാപ്പന്‍, ബിഹൈന്‍ഡ് എവരി ക്രിയേഷന്‍, ദെയര്‍ ഷുഡ് ബീ എ ക്രിയേറ്റര്‍, വിത്തൗട്ട് ഏ ക്രിയേറ്റര്‍ ദെയര്‍ ഈസ് നോ ക്രിയേഷന്‍. സോ കടവൂള്‍ ഇറുക്ക്..' രജനികാന്ത് എന്ന സൂപ്പര്‍താരത്തിന് അപ്പുറം അദ്ദേഹത്തിന്റെ വ്യക്തിജീവിതം പരിശോധിച്ചാല്‍ ഒരു ആത്മീയ ജീവിതം കാണാം. ഓരോ സിനിമ കഴിയുമ്പോഴും ഭൂമിയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം എന്ന് അദ്ദേഹം തന്നെ പലകുറി വിശേഷിപ്പിച്ചിട്ടുള്ള ഹിമാലയത്തിലേക്ക് പോകും. ബാബാജി യുടെ ഗുഹയില്‍ പോയി ധ്യാനിക്കും. അനാരോഗ്യം അലട്ടുമ്പോഴും തന്റെ ഗുരുവിനെ കാണാനുള്ള യാത്ര അദ്ദേഹം മുടക്കാറില്ല. ധ്യാനത്തിന് ശേഷം പഴയതിലും ഊര്‍ജത്തോടെ തിരിച്ചുവരുന്ന രജനിയെ നമുക്ക് കാണാം. ജയിലര്‍ 500 കോടിയും കടന്ന് കുതിക്കുമ്പോള്‍ മതിമറന്ന് ആഘോഷിക്കുന്നില്ല രജനി. പകരം ഹിമാലയത്തിലേക്ക് നടന്നുകയറുകയാണ്. ശിവാജി റാവു ഗെയ്ക്​വാദ് രജനികാന്ത് ആയതും പ്രായമിത്ര കഴിഞ്ഞിട്ടും പൊന്നുംവിലയുള്ള താരമായി നിറയുന്നതും സ്ക്രീനില്‍ വരുമ്പോഴുള്ള എനര്‍ജിയും തേജസും ഈ പ്രായത്തില്‍ ഇന്ത്യയില്‍ മറ്റേത് നടനാണ് അവകാശപ്പെടാന്‍ ഉള്ളത്. ഇതിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചപ്പോഴെല്ലാം രജനി പറഞ്ഞ മറുപടി. എല്ലാം എന്റെ വിശ്വാസം, എന്റെ ഗുരുവിന്റെ അനുഗ്രഹം എന്നാണ്.

ഇത്തവണത്തെ യാത്രയില്‍ രജനിയെ കാത്ത് ഒരു ആരാധകനും ബാബാജിയുടെ ഗുഹയ്ക്ക് മുന്നില്‍ ദിവസങ്ങളോളം കാത്തിരുന്നു.സൂപ്പര്‍ സ്റ്റാറിനെ ഒരുതവണയെങ്കിലും നേരില്‍ കാണണം, സംസാരിക്കണം എന്നൊക്കെ അദ്ദേഹത്തിന്റെ ആരാധകരുടെ വലിയ സ്വപ്നമാണ്. ആള് സിമ്പിളാണെങ്കിലും അദ്ദേഹത്തിന്റെ അടുത്ത് എത്തിപ്പെടാന്‍ പലര്‍ക്കും കഴിയാറില്ല. ഇത്തവണ രജനി ഹിമാലയന്‍ യാത്രയ്ക്ക് തയാറെടുക്കുന്നു എന്ന് അറിഞ്ഞ ഒരു ആരാധകന്‍ ദിവസങ്ങള്‍ക്ക് മുന്‍പേ നടക്കാന്‍ തുടങ്ങി. ചെന്നൈയില്‍ നിന്നും ഉത്തരാഖണ്ഡിലേക്ക്. 55 ദിവസമെടുത്ത് ആ യുവാവ് ഉത്തരാഖണ്ഡിലെത്തി. രജനി വരുന്ന ബാബാജിയുടെ ഗുഹയിലെത്തി കാത്തിരുന്നു. ഒടുവില്‍ മോഹം സഫലമായി. രജനി അവനെ ചേര്‍ത്തുപിടിച്ചു. വിശേഷങ്ങള്‍ ചോദിച്ചു. ഈ ദിവസങ്ങളില്‍ തണുപ്പ് െകാണ്ട് മരത്തിന്റെ ചുവട്ടിലാണ് കിടന്ന് ഉറങ്ങിയതെന്ന് അറിഞ്ഞപ്പോള്‍ ആ യുവാവിനെ ഒരു സന്ന്യാസിക്കൊപ്പം താമസിക്കാന്‍ വേണ്ട സഹായം ചെയ്തു. സാമ്പത്തികമായും സഹായം ചെയ്താണ് രജനി മലയിറങ്ങിയത്. 

ജയിലര്‍ റിലീസ് ചെയ്യുന്നത് ആഗസ്റ്റ് 10നാണ്. രജനി ഒന്‍പതാം തിയതി തന്നെ ഒരാഴ്ച നീളുന്ന ഹിമാലയന്‍ യാത്ര തുടങ്ങി. ഋഷികേശ്, ബദ്രിനാഥ്, ദ്വാരക. പിന്നെ തന്റെ ഏറ്റവും പ്രിയ ഇടമായ ബാബാജീ ഗുഹയും സന്ദര്‍ശിക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം.ആദ്യം സ്വാമി ദയാനന്ദ സരസ്വതി ആശ്രമത്തില്‍ എത്തി അവിടെയുള്ള ഗുരുക്കന്‍മാരെ കണ്ട് അനുഗ്രഹം വാങ്ങി. ധ്യാനത്തിലും ആത്മീയ പ്രഭാഷണങ്ങളിലും പങ്കുചേര്‍ന്നു. രജനിയും ആത്മീയ വിഷയങ്ങളില്‍ സംസാരിച്ചു. അവിടെ നിന്നും ബദ്രിനാഥ് ക്ഷേത്രത്തിലേക്കും വ്യാസ ഗുഹയിലേക്കും. ഇവിടം സന്ദര്‍ശിച്ച് ധ്യാനിച്ച ശേഷമാണ് തന്റെ ഗുരുവിന്റെ അനുഗ്രഹം തേടി മഹാഅവതാര്‍ ബാബാജിയുടെ ഗുഹയിലേക്ക് പോയത്. ഗുഹയില്‍ കടന്ന രജനി ധ്യാനത്തിലിരുന്നു. ക്രിയായോഗ പരിശീലിക്കും. ആ ഗുഹയില്‍ നിന്നും പുറത്തുവരുമ്പോള്‍ താന്‍ കൂടുതല്‍ ഉന്‍മേഷവനാകുന്നു എന്നാണ് രജനി പറയുന്നത്. എന്തായാലും എന്താണ് ഈ മനുഷ്യന്റെ വിജയരഹസ്യം എന്ന് ചോദ്യത്തിനുള്ള ഉത്തരമായി പലരും എടുത്തുപറയുന്നത് അദ്ദേഹത്തിന്റെ ഈ ആത്മീയജീവിതം തന്നെയാണ്. 1978 കയ്യില്‍ കിട്ടിയ ഓട്ടോബയോഗ്രഫി ഓഫ് എ യോഗി ഒരു പുസ്തകമാണ് തന്റെ ജീവിതം മാറ്റിയതെന്ന് രജനി തന്നെ പറഞ്ഞിട്ടുണ്ട്.ആദ്യമൊന്നും ഗൗനിക്കാതെ കയ്യില്‍ സൂക്ഷിച്ചിരുന്ന പുസതകം പിന്നീട് അദ്ദേഹം വായിച്ചു. അങ്ങനെ ക്രിയായോഗയില്‍ ആകൃഷ്ടനായി. അവിടെ മുതല്‍ തുടങ്ങിയ ആത്മീയ യാത്ര. പിന്നീട് തന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ അദ്ഭുതങ്ങള്‍ക്കും തുടക്കം അവിടം മുതലാണെന്ന് രജനികാന്ത് പറഞ്ഞിട്ടുണ്ട്.

ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് പ്രിയപ്പെട്ട ഒരു മന്ത്രിയും. എല്ലാ രാജകീയ സൗകര്യങ്ങളും രാജാവ് ആ മന്ത്രിക്ക് നല്‍കിയിരുന്നു. അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു ആ മന്ത്രി. ഒരുദിവസം മന്ത്രി പറഞ്ഞു. ഞാന്‍ ഇതൊക്കെ മടുത്തു. ഞാന്‍ ഇതെല്ലാം വിട്ടിട്ടുപോവുകയാണ്. എങ്ങോട്ട് പോകുന്നു എന്ന് രാജാവ് ചോദിച്ചപ്പോള്‍ എനിക്ക് കൃത്യമായി അറിയില്ല. ഞാന്‍ പോകുന്നു എന്ന് പറഞ്ഞ് അദ്ദേഹം െകാട്ടാരം വിട്ട് ഇറങ്ങി. ഹിമാലയത്തില്‍ അടക്കം അലഞ്ഞുതിരിഞ്ഞ് നാലഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സന്ന്യാസിയായി ആ മന്ത്രി തിരിച്ചെത്തി. ഒരു കുടുസുമുറിയില്‍ താമസിച്ചു. ആഡംബരങ്ങളില്ല, പരിചാരകരില്ല, സമയത്ത് ഭക്ഷണം പോലുമില്ല. മന്ത്രി തിരിച്ചെത്തിയ വിവരം അറിഞ്ഞ് രാജാവ് കാണാനെത്തി. ആ സന്ന്യാസിയോട് രാജാവ് ചോദിച്ചു. നീ എന്ത് നേടി, ഇതാണോ നീ നേടിയെന്നും ചോദിച്ചു. അപ്പോള്‍‌ ചിരിയോടെ ആ മന്ത്രി പറഞ്ഞു. രാജാ അന്ന് ‍ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നിങ്ങള്‍ ഇരിക്കുന്ന ഇടത്ത് നില്‍ക്കുകയായിരുന്നു പതിവ്. ഇന്ന് നിങ്ങള്‍ ഞാന്‍ ഇരിക്കുന്നിടത്ത്  എന്റെ മുന്നില്‍ നില്‍ക്കുന്നു. ഇതാണ് എന്റെ ആത്മീയതയുടെ ശക്തി. ഒരിക്കല്‍ രജനി പറഞ്ഞ കഥയാണ്. കഷണ്ടിത്തല കാട്ടി, ലളിതമായ വസ്ത്രം ധരിച്ച്, മേക്കപ്പില്ലാതെ പൊതുഇടത്ത് സാധാരണക്കാരനായി വരുന്ന സൂപ്പര്‍ത്താരം. അതേ മനുഷ്യനെയാണ് സ്റ്റൈലിന്റേയും മാസിന്റേയും പര്യായമായി ഈ വയസ്സിലും സ്ക്രീനില്‍ കൊണ്ടാടുന്നത്.പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത ആ ഇസമാണ് അന്നും ഇന്നും രജനീയിസം.