shiv-rajkumar-life

ഹലോ, നെല്‍സണ്‍, ഞാന്‍ പുനീത് രാജ്കുമാറാണ്. നിങ്ങള്‍ സംവിധാനം ചെയ്ത ഡോക്ടര്‍, കൊലമാവ് കോകില അടക്കം എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് നിങ്ങളുടെ സിനിമയില്‍ അഭിനയിക്കണം എന്നൊരു മോഹമുണ്ട്. മിനിറ്റുകള്‍ മാത്രമുള്ള ഒരു അതിഥി വേഷം ആണെങ്കിലും മതി. ഞാന്‍ വരും. നെല്‍സനോട് അരമണിക്കൂറോളം സംസാരിച്ച ശേഷം അന്ന് പുനീത് ഫോണ്‍ വച്ചു. എന്നാല്‍ ആ മോഹം സത്യമാക്കാന്‍ പുനീതിന്റെ ജീവിതം ബാക്കിയുണ്ടായിരുന്നില്ല. കന്നഡ മണ്ണിനെയും തെന്നിന്ത്യയെയും കണ്ണീരിലാഴ്ത്തി പുനീത് അപ്രതീക്ഷിതമായി വിട വാങ്ങി. പക്ഷേ മരിക്കും മുന്‍പ് അദ്ദേഹം പറഞ്ഞ മോഹം നെല്‍സണ്‍ മറന്നില്ല. ജയിലറില്‍ പുനീതിനായി നീക്കി വച്ച ആ വേഷം ചെയ്യാന്‍ നെല്‍സണ്‍ അദ്ദേഹത്തിന്റെ അണ്ണനെ വിളിച്ചു. കഥ പോലും പറയണ്ട, എന്റെ രജനി സാറിന്റെ പടം അല്ലേ,  എന്റെ അനിയന്‍ ഏറെ മോഹിച്ച വേഷമല്ലേ, ഞാന്‍ വരും. ആ വരവ് അതൊരു വല്ലാത്ത വരവായിരുന്നെന്ന് ഇന്ന് തിയറ്ററില്‍ കിലുങ്ങിയ കോടികളും കയ്യടികളും സാക്ഷ്യം പറയുന്നു. ഒരു ലുങ്കിയുമുടുത്ത് കയ്യില്‍ ടിഷ്യൂപേപ്പറും ഒരു ചുരുട്ടുമായി നടന്ന് വന്ന് അതിഗംഭീര സ്ക്രീന്‍പ്രസന്‍സില്‍ തമിഴകത്തേക്ക് അദ്ദേഹം അരങ്ങേറ്റം കുറിച്ചു. കന്നഡികരും തെന്നിന്ത്യയും ഇന്ന് സ്നേഹത്തോടെ ബഹുമാനത്തോടെ ശിവണ്ണാ എന്ന് വിളിക്കുന്ന നാഗരാജു ശിവ പുട്ട സ്വാമി എന്ന ശിവ് രാജ് കുമാര്‍.

എന്ത് സ്ക്രീന്‍ പ്രസന്‍സാണ് അദ്ദേഹത്തിന്. കേവലം മിനിറ്റുകള്‍ മാത്രം. മതിയല്ലോ.. വെറുമൊരു കൈലിമുണ്ടും ടിഷ്യുപേപ്പറും മതിയായിരുന്നു രജനി പടത്തില്‍ ശിവരാജ് കുമാറിന് തിയറ്റര്‍ കുലുക്കാന്‍.  കര്‍ണാടകയിലെ ഗ്യാങ്സ്റ്ററായ നരസിംഹന്‍ എന്ന കഥാപാത്രം അത്രമാത്രം തരംഗമാണ് തീര്‍ക്കുന്നത്. മോഹന്‍ലാലിന് കൊടുത്ത പോലെ ഇന്‍ട്രോയില്‍ തന്നെ ഒരു മാസ് എന്‍ട്രി ആയിരുന്നില്ല നെല്‍സണ്‍ ജയിലറില്‍ അദ്ദേഹത്തിനായി കരുതിവച്ചിരുന്നത്. എന്നാല്‍ ക്ലൈമാക്സിലെ ആ വരവ് ശരിക്കും രോമാഞ്ചമായി.  തിയറ്റർ ഒന്നടങ്കം പിടിച്ചുകുലുക്കുന്ന തരത്തിലുള്ള മാസ് വരവ്. അതിനൊത്ത സംഗീതം. മോഹന്‍ലാലിന്റെ വരവ് ആഘോഷമാക്കാന്‍ കാത്തിരുന്ന മലയാളി പ്രേക്ഷകനെ അടിമുടി ഞെട്ടിച്ച് കയ്യിടിപ്പിച്ചു ശിവരാജ് കുമാര്‍. മലയാളികള്‍ക്ക് അത്രമാത്രം പരിചിതമല്ലാതിരുന്ന, കന്നഡ സിനിമാ ലോകത്ത് കഴിഞ്ഞ മൂന്നരപതിറ്റാണ്ടിലേറെയായി െകാടിക്കുത്തി വാഴുന്ന രാജാവിന് തമിഴിലേക്കും കേരളത്തിലേക്കും അവിസ്മരണീയമായ ഒരു എന്‍ട്രി. കാലെടുത്ത് വച്ചത് തമിഴ് സിനിമയിലേക്കാണെങ്കിലും ഇതിന്റെ അല ഉയരുന്നത് മലയാളികളില്‍ കൂടിയാണ്. മലയാളിയും പടം കണ്ടിറങ്ങി പറയുന്നുണ്ട്. വണക്കം ശിവണ്ണാ..

ശബരിമല ശാസ്താതാവിന്റെ വലിയ ഭക്തനാണ് ശിവരാജ് കുമാര്‍. രജനിക്കൊപ്പമുള്ള മനോഹരമായ ഓര്‍മകള്‍ എന്താണെന്ന് ചോദിക്കുമ്പോഴെല്ലാം അദ്ദേഹം പറയുന്നത് ശബരിമല യാത്രയാണ്. അച്ഛന്‍ രാജ് കുമാറിനും സുഹൃത്തുക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഒരിക്കല്‍ ശബരിമല യാത്ര നടത്തിയപ്പോള്‍ അച്ഛന്റെ വലിയ സുഹൃത്തായിരുന്ന രജനികാന്തും ആ യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. അന്ന് രജനിയുടെ കയ്യില്‍ തൂങ്ങിയാണ് ഞാന്‍ ശബരിമല കയറി അയ്യപ്പനെ കണ്ടതെന്ന് ശിവരാജ് കുമാര്‍ പറയും. അച്ഛന്‍ രാജ് കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയ നാളുകളില്‍, അദ്ദേഹം ഉറപ്പായും തിരിച്ചുവരും എന്ന് ആശ്വസിപ്പിച്ച് കുടുംബത്തെ ചേര്‍ത്തുപിടിച്ചവരില്‍ ഒരാള്‍ രജനിയായിരുന്നുവെന്നും അദ്ദേഹം പറയാറുണ്ട്. അതുകൊണ്ട് തന്നെയാണ് മൂന്നരപതിറ്റാണ്ടിനിടെ ഒരിക്കല്‍ പോലും കന്നഡ വിട്ട് വരാത്ത താരം കഥ പോലും കേള്‍ക്കാതെ ജയിലര്‍ക്ക് കൈകൊടുത്തതും.

കെ.ജി.എഫും കാന്താരയുമടക്കം മിന്നിച്ച കന്നഡ സിനിമാലോകത്തെ കുറിച്ച് പറയാന്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് ആയിരം നാവാണ്. ഇതിനെല്ലാം അടിത്തറയിട്ട കാലത്തിന്റെ നായകനായിരുന്നു ശിവ രാജ് കുമാര്‍. തമിഴര്‍ക്ക് എംജിആര്‍ പോലെ തെലുങ്കര്‍ക്ക് എന്‍ടിആറിനെ പോലെ കന്നഡികരുടെ മേല്‍വിലാസമായിരുന്നു  ഡോ. രാജ്കുമാര്‍. ആ മേല്‍വിലാസം തന്നെയായിരുന്നു വീരപ്പന്റെ കണ്ണുകള്‍ അദ്ദേഹത്തില്‍ പതിയാനുള്ള കാരണവും. തമിഴ്നാട് താളവാടി ഗജനൂരിലെ കൃഷിയിടത്തിലെ വീട്ടിൽ നിന്ന് 2000 ജൂലൈ 30നാണ് വീരപ്പനും സംഘവും രാജ്കുമാർ, ബന്ധു ഗോവിന്ദരാജ് നാഗേഷ്, സഹായി നാഗപ്പ എന്നിവരെ തട്ടിക്കൊണ്ടുപോയത്. ഒട്ടേറെ ഒത്തുതീർപ്പു ചർച്ചകൾക്കു ശേഷം 2000 നവംബർ 13നു രാജ്കുമാറിനെ വീരപ്പന്‍ മോചിപ്പിച്ചു. വീരപ്പന് കോടികള്‍ നല്‍കിയാണ് അദ്ദേഹത്തെ മോചിപ്പിച്ചതെന്ന് മറ്റൊരു കഥ. തമിഴ്നാട് കര്‍ണാടക സര്‍ക്കാര്‍ മോചനത്തിനായി ശ്രമിക്കുമ്പോള്‍ കാടുകയറി പ്രിയ താരത്തെ മോചിപ്പിക്കാന്‍ സജ്ജമായി അദ്ദേഹത്തിന്റെ ആരാധകപ്പട തന്നെ രംഗത്തുവന്നിരുന്നു. അത്രമാത്രം ഉയിരുവച്ച സ്നേഹം കന്നഡ മക്കള്‍ രാജ് കുമാറിന് നല്‍കി. ആ സ്നേഹം തന്നെ അദ്ദേഹത്തിന്റെ മക്കള്‍ക്കും. പുനീതിന്റെ അപ്രതീക്ഷിത മരണത്തില്‍ പൊട്ടിക്കരയുന്ന ശിവണ്ണന്റെ വിഡിയോ തെന്നിന്ത്യയെ വല്ലാതേ വേദനിപ്പിച്ചിരുന്നു. സഹോദരങ്ങള്‍ എന്നിതിലും ഉപരി അത്ര നല്ല ചങ്ങാതിമാരായിരുന്നു ഇവരുവരും. ആ മരണത്തില്‍ വിറങ്ങലിച്ച് പോയ കുടുംബത്തിനും ആരാധകര്‍ക്കും താങ്ങായത് ശിവണ്ണയായിരുന്നു.

സമ്പത്തിന്റേയും പ്രശസ്തിയുടെയും മടത്തട്ടിലേക്കാണ് ശിവ രാജ് കുമാര്‍ പിറന്നുവീണത്. ജനിച്ചതും വളര്‍ന്നതും ചെന്നൈയില്‍. അച്ഛന്‍ കര്‍ണാടകയിലെ താരദൈവം. 1974ല്‍  ശ്രീ ശ്രീനിവാസ കല്യാണ എന്ന സിനിമയില്‍ ബാലതാരമായി ശിവയുടെ അരങ്ങേറ്റം. എന്നാല്‍ സിനിമയില്‍ സജീവമാകണമെന്ന് മോഹമൊന്നും ആ പയ്യന് അന്നുണ്ടായിരുന്നില്ല .  സഹോദരന്‍ അപ്പുവെന്ന പുനീത് രാജ് കുമാര്‍ പിന്നീട് തിരക്കുള്ള ബാലതാരമായപ്പോള്‍ ശിവയ്ക്ക് ആശ്വാസമായിരുന്നു. അച്ഛന്റെ പേര് കാക്കാന്‍ അവനുണ്ടല്ലോ എന്നായിരുന്നു അക്കാലത്ത് ശിവയുടെ ചിന്ത. എന്നാല്‍ സംവിധായകന്‍ കെ.ബാലചന്ദര്‍ അവനെ നിര്‍ബന്ധിച്ച് സിനിമ പഠിക്കാന്‍ വിട്ടു. 23–ാം വയസ്സില്‍ സിനിമാമോഹി അല്ലാത്ത ആ പയ്യന്‍ നായകനായി. 1986ല്‍ ശിവ നായകനായ ആനന്ദ് എന്ന സിനിമ തിയറ്ററിലെത്തി. തങ്ങളുടെ താരരാജാവിന്റെ മകന് വന്‍വരവേല്‍പ്പ് വന്‍ വരവേല്‍പ്പ് നല്‍കി കന്നഡികര്‍ എതിരേറ്റു. എസ്​പിബി പാടിയ ഒരു പെപ്പിനമ്പറിലൂടെ ഡാന്‍സ് ചെയ്ത് ശിവ കന്നിഡകരുടെ മനസ്സിലേക്ക് ഓടിക്കയറി.

പിന്നീട് വന്ന ഋതസപ്തമിയും  മനമെച്ചിദ ഹുഡുകിയും മെഗാഹിറ്റായതോടെ ആ യുവാവിന് കന്നഡ മണ്ണ് ഒരു പേരും സമ്മാനിച്ചു. ഹാട്രിക് ഹീറോ, പിന്നെയും ഒരു വാഴ്ത്തുണ്ട്. ഫസ്റ്റ് ഡാന്‍സിങ് സ്റ്റാര്‍ ഓഫ് കന്നഡ സിനിമ. തുടര്‍ച്ചയായ 25 സിനിമകളും സാമ്പത്തിക നഷ്ടം വരുത്താതെ വിജയിച്ചു എന്നത് മറ്റൊരു ചരിത്രം. 1995ല്‍ ഉപേന്ദ്ര സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഓം കരിയര്‍ ബെസ്റ്റായി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗാങ്ങ്​സ്റ്റര്‍ സിനിമകളില്‍ ഒന്നായി ഇന്നും ഓം വാഴ്ത്തപ്പെടുന്നു. ഏറ്റവും കൂടുതല്‍ തവണ റീ റിലീസ് ചെയ്ത ചിത്രം എന്ന റെക്കോര്‍ഡും ഈ പടത്തിന് സ്വന്തം. അഞ്ഞൂറിലേറെ തവണ ഈ സിനിമ റീ റിലീസ് ചെയ്തു. 70 ലക്ഷത്തിനെടുത്ത പടം അന്ന് റിലീസിന് മുന്‍പ് 2 കോടിയിലേറെ സ്വന്തമാക്കി. തിയറ്ററില്‍ നിന്നും 15 കോടിയോളം നേടി റെക്കോര്‍ഡിട്ടു. അതുവരെ പലരും എഴുത്തള്ളിയിരുന്ന കന്നഡ സിനിമയിലേക്ക് ഇന്ത്യന്‍ സിനിമ തിരിഞ്ഞുനോക്കിയ കാലത്തിന്റെ തുടക്കമെന്ന് പറയാം. കഴിഞ്ഞ 36 വർഷമായി കന്നഡ ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളാണ് അദ്ദേഹം. ഈ നീണ്ട വർഷങ്ങൾക്കിടയിൽ അദ്ദേഹം ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് ‘ജയിലർ’. ധനുഷിന്റെ ക്യാപ്റ്റൻ മില്ലറാണ് ശിവരാജ്കുമാറിന്റെ അടുത്ത തമിഴ് സിനിമ. കന്നഡയിലും കൈനിറയെ സിനിമകള്‍.

പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് കന്നഡ സിനിമ വളര്‍ന്നു പന്തലിക്കുന്ന കാലത്ത് അഭിമാനത്തോടെ അതിന്റെ തലതൊട്ടപ്പനായി നിറയുന്നുണ്ട് ഈ നടന്‍. കണ്ണുകളാണ് അന്നും ഇന്നു ഈ നടന്റെ മൂല്യം. അത് ജയിലര്‍ കണ്ടവര്‍ക്ക് നന്നായി മനസ്സിലാകും. ഡയ‌ലോഗുകള്‍ ഒന്നും വേണ്ട. ഒരു നോട്ടം മതി കണ്ടിരിക്കുന്നവന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങാന്‍. കന്നഡ മണ്ണിന്റെ അതിരുതാണ്ടി ഇതാദ്യമായി വന്നപ്പോള്‍ ഇതാണ് ആവേശമെങ്കില്‍, വരവേല്‍പ്പെങ്കില്‍, ശിവണ്ണന്‍ ഇനിയും വരും. നടത്തം െകാണ്ട് നോട്ടം കൊണ്ട് മൂളക്കം െകാണ്ട് ഇനിയും ഇനിയും വിസ്മയിപ്പിക്കാന്‍. തിരശീല നിറയാന്‍. ജയിലറില്‍ അദ്ദേഹം രജനിയോട് പറയുന്നുണ്ട്, ആത്മബന്ധം നിറയുന്ന ഒരു ഡയലോഗ്. ആള്‍ വെയിസ് ഫോര്‍ യു സാര്‍. പടം കണ്ടിറങ്ങുമ്പോള്‍ നമ്മളും പറഞ്ഞുപോകും ശിവണ്ണാ, ആള്‍വെയിസ് ഫോര്‍ യു സാര്‍..