vinayakan-mass

ഒരുടേക്ക്...രണ്ടുടേക്ക്...അങ്ങനെ ടേക്കുകള്‍ ഒരുപാടായി. ഒന്നും ശരിയാകുന്നില്ല. ഒടുവില്‍ സംവിധായകന്‍ നെല്‍സണ്‍ തീരുമാനിച്ചു ആ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ മാറ്റണം. മറ്റാരെയെങ്കിലും വച്ച് എടുക്കാം. ഇതെല്ലാം കണ്ട് സാക്ഷാല്‍ രജനി അവിടെ ഇരിപ്പുണ്ടായിരുന്നു. രജനികാന്തിന്റെ സിനിമയില്‍ ഒരുഡയലോഗുള്ള സീന്‍ കിട്ടിയ സന്തോഷം സിനിമാമോഹിയായ ആ യുവാവ് ടേക്കിന് മുന്‍പ് ആരോടൊക്കെ പറഞ്ഞിട്ടുണ്ടാകും? സുഹൃത്തുക്കളോട്, പ്രണയിനിയോട്, വീട്ടുകാരോട്, നാട്ടുകാരോട് അങ്ങനെ അറിയാവുന്നവരോടെല്ലാം. ഒടുവില്‍ ഇങ്ങനെ പുറത്തായാലോ. അയാള്‍ എത്രമാത്രം വിഷമിക്കും. ഇതായിരുന്നു രജനിയുടെ മനസ്സില്‍. തുടക്കകാലത്ത് എവിഎം സ്റ്റുഡിയോയില്‍ നിന്ന് തന്നെ അപമാനിച്ച് ഇറക്കി വിട്ട അനുഭവവും സൂപ്പര്‍സ്റ്റാര്‍ ഓര്‍ത്തിട്ടുണ്ടാകും. 

ഒരു സഹസംവിധായകനെ അടുത്തുവിളിച്ച് രജനി പറഞ്ഞു. ടേക്കെടുത്തിട്ട് ശരിയാകുന്നില്ലെങ്കില്‍ വേണ്ട. അയാളെ അങ്ങനെ ഒഴിവാക്കരുത്. ഒരുപാട് മോഹിച്ചതായിരിക്കും. ഒരു ഷോട്ടില്‍ അയാളെ ഉള്‍പ്പെടുത്താന്‍ നെല്‍സണോട് പറയണം. എന്റെ െതാട്ടടുത്ത് അയാള്‍ നില്‍ക്കട്ടെ വേണമെങ്കില്‍ ഒരു ഷോട്ടില്‍ ഞാന്‍ ഇങ്ങനെ എന്റെ കൈ അയാളുടെ തോളില്‍ വച്ച് നില്‍ക്കാം.. ഇതാണ് രജനിയുടെ മനസ്സ്.  ഒപ്പം അഭിനയിക്കുന്നവരോടുള്ള കരുതല്‍, സ്നേഹം. അത് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ആണെങ്കില്‍പോലും. ഒന്നും ഇല്ലായ്മയില്‍ നിന്നും വന്ന് എല്ലാം നേടിയവരോട് അദ്ദേഹത്തിന് എന്നും ബഹുമാനമാണ്. 

തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍  ഒരാള്‍ക്കായി വച്ച കഥാപാത്രം. ഒടുവില്‍ ആ വേഷം ചെയ്യാന്‍ മലയാളത്തിന്റെ വിനായകനെ ഏല്‍പ്പിക്കുമ്പോഴും രജനിയുടെ മനസ്സിലൂടെ പോയത് ഇതുതന്നെയാകും. ആ തീരുമാനം തെറ്റിയില്ല. അടിമുടി രജനിയെ പോലും വിറപ്പിച്ച് കളഞ്ഞു വിനായകന്‍. കൊടുംക്രൂരനായ വില്ലന്‍. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരത്തിന് മുന്നില്‍ വില്ലന്‍ കഥാപാത്രമായി മുട്ടിനില്‍ക്കുമ്പോള്‍ പടത്തില്‍ അടിക്കടി രജനിയോട് ചോദിക്കുന്ന ചോദ്യം വിനായകന്‍ ശരിക്കും ചോദിക്കുന്നത് അയാളുടെ പിന്നിട്ട കാലത്തോട് കൂടിയാണ്. നമ്മള്‍ മലയാളികളോട് കൂടിയാണ്. മനസ്സിലായോ സാറെ..

ഇതിന് മറുപടിയായി സാക്ഷാല്‍ രജനിയും പറയുന്നുണ്ട്. മനസ്സിലായി സാറെ.. ഇതിനപ്പുറമൊരു അംഗീകാരം മറ്റേതുണ്ട്. അത്രമാത്രം പ്രകടനം െകാണ്ട് വിസ്മയിപ്പിക്കുന്നു ജയിലറില്‍ വിനായകന്‍. ചിരിപ്പിക്കുന്ന, ഡപ്പാം കൂത്ത് കളിക്കുന്ന, കളിപ്പിക്കുന്ന അതിക്രൂരനായ വില്ലന്‍. അയാള്‍ക്ക് മുകളില്‍ എല്ലാം നിയന്ത്രിക്കുന്ന അതിലും മാസായി ഒരു വില്ലനെ പ്രതിഷ്ഠിക്കാതെ, വില്ലത്തരത്തിന്റെ അങ്ങേയറ്റത്തും ഇങ്ങേയറ്റത്തും ബ്രാന്‍ഡാകുന്ന ഒരാളായി വര്‍മന്‍ മാറുന്നു. കൊലമാസായി വരുന്ന രജനിക്ക് മുന്നില്‍ പോലും പതാറാതെ നിന്ന് തന്റെ സ്വപ്നം പറയുന്ന വിനായകന്റെ ഒരു പ്രകടനമുണ്ട്. അപ്പോള്‍ കണ്ണില്‍ തെളിയുന്ന ഭാവങ്ങളുണ്ട്. പൊട്ടിച്ചിരിയിലെ നിലപാടുണ്ട്. നീ മാസാണെങ്കില്‍ ഞാന്‍ മരണമാസ്സാടാ എന്ന് മുത്തുവേല്‍ പാണ്ഡ്യനോട് പറയുന്നു വര്‍മന്‍. മലയാളവും തമിഴും ഇടകലര്‍ത്തി പടം മുഴുവന്‍ വിറപ്പിക്കുന്നു. പക്കാ ലോക്കല്‍ ലുക്കില്‍ വയലന്‍സിന്റെ അതിരുകള്‍ എല്ലാം ലംഘിക്കുന്നു വര്‍മന്‍. അപ്രതീക്ഷിത ട്വിസ്റ്റില്‍ പകച്ചുപോകുന്ന മുത്തുവേല്‍ പാണ്ഡ്യന് മുന്നില്‍ ഉടുത്തിരിക്കുന്ന മുണ്ട് ഊരി കയ്യില്‍ പിടിച്ച് വര്‍മന്റെ ഒരു ആനന്ദനൃത്തമുണ്ട്. ആ സമയം തിയറ്ററില്‍ നിറയുന്ന ചിരിയും കയ്യടിയും ആര്‍പ്പുവിളിയും  രജനിക്ക് അവകാശപ്പെട്ടതല്ല. അത് വിനായകന്റെ ആ മാസ്മരിക പ്രകടനത്തിന് സ്വന്തമാണ്. 

വിനായകന്റെ വ്യക്തിജീവിതത്തിലെ പെരുമാറ്റങ്ങളോടും പ്രകടനങ്ങളോടും നാക്കിലെ വാക്കിനോടും ഭിന്നാഭിപ്രായമുണ്ടാകാം. പക്ഷേ അയാളിലെ നടനോട് അതില്ലെന്ന് ജയിലറും തെളിയിക്കുന്നു. അത് പടം കണ്ടവര്‍ക്ക് കൃത്യമായി മനസ്സിലാകും. വിനായകനെ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തവര്‍ പോലും ഇന്ന് ലജ്ജിക്കുന്നുണ്ടാകം. ഈ നടനെയാണോ വിലക്കണമെന്ന് പറഞ്ഞതെന്നോര്‍ത്ത്. ആരെടാ എന്ന് രജനിയുടെ കഥാപാത്രം ചോദിക്കുമ്പോള്‍ ഞാനെടാ എന്ന് മുഖത്ത് നോക്കി പറയുന്ന നടനിലേക്ക് വിനായകന്‍ വളര്‍ന്നിരിക്കുന്നു. വിമര്‍ശിക്കാം. തള്ളിപ്പറയാം, അപമാനിക്കാം.. നിയമപരമായും നേരിടാം. അതിനെല്ലാം അപ്പുറം അയാള്‍ തന്റെ കഴിവിനോടും കലയോടും കാണിക്കുന്ന സമര്‍പ്പണത്തെ തള്ളിപ്പറയുക അത്ര എളുപ്പമല്ല. മനസ്സിലായോ സാറെ..