മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവച്ച് ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ. എമ്പുരാന് സിനിമയുടെ ലൊക്കേഷനില്‍ നിന്ന് പകര്‍ത്തിയ ചിത്രം സൈബറിടത്ത് ശ്രദ്ധനേടുകയാണ്. 'കമ്പനിയുടെ ഓര്‍മകള്‍, ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരേയൊരു മോഹന്‍ലാലിനൊപ്പം' എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് രാം ഗോപാല്‍ വര്‍മ കുറിച്ചത്. ചിത്രം വൈറലായതോടെ മോഹന്‍ലാലിനൊപ്പം ഇനിയൊരു സിനിമ എപ്പോള്‍ എന്ന ചോദ്യവുമായി ആരാധകരെത്തി.
കുറിപ്പിന്റെ പൂര്‍ണരൂപം:
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ (പ്രീക്വല്‍) എമ്പുരാന്റെ ലൊക്കേഷന്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണിത്. അവസാനഘട്ട ചിത്രീകരണം നടക്കുന്ന പാലക്കാട്ടെ ലൊക്കേഷനിലാണ് രാം ഗോപാല്‍ വര്‍മ എത്തിയത്. ഗംഭീര യൂണിറ്റ് ആണ് ചിത്രത്തിന്റേതെന്നും രണ്ടാം വട്ടവും ഒരു വന്‍ വിജയ ചിത്രമാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കുറിച്ചിരുന്നു. രാം ഗോപാല്‍ വര്‍മയുടെ രണ്ട് ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. കമ്പനി, ആഗ് എന്നിവയാണ് ചിത്രങ്ങള്‍. ഷോലെയുടെ റീമേക്ക് കൂടിയായിരുന്നു 2007ല്‍ പുറത്തിറങ്ങിയ ആഗ്.
അതേസമയം രാം ഗോപാല്‍ വര്മയ്ക്കൊപ്പമുളള ചിത്രം പൃഥ്വിരാജും തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരുന്നു. ആ പഴയ രാം ഗോപാല്‍ വര്‍മയുടെ ഗംഭീര തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് താനെന്നാണ് ചിത്രത്തിനൊപ്പം പൃഥിരാജ് കുറിച്ചത്. 'മോഡേണ്‍ ഇന്ത്യന്‍ സിനിമ കണ്ട് വളര്‍ന്ന ഏതൊരു സംവിധായകനെയുംപോലെ ഞാനും ഈ ഇതിഹാസത്തിന്റെ ക്രാഫ്റ്റില്‍ നിന്ന് ഏറെ പ്രചോദിപ്പിക്കപ്പെട്ടിട്ടുണ്ട്. ക്യാമറയെ കഥപറച്ചിലിനുള്ള ഒരു ഉപകരണമായി എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ മാസ്റ്ററാണ് അദ്ദേഹം. സ്ഥിരമായ മുദ്രകള്‍ പതിപ്പിച്ചിട്ടുള്ളവയാണ് അദ്ദേഹത്തിന്റെ പല ചിത്രങ്ങളും. ഈ രാജ്യത്തുനിന്നുള്ളവരില് എക്കാലത്തെയും ഏറ്റവും മികച്ചവരില്‍ ഒരാള്‍. ഈ സെറ്റില്‍ കണ്ടുമുട്ടാന്‍ സാധിച്ചതും കലയെക്കുറിച്ചും സിനിമയെക്കുറിച്ചും അങ്ങയോട് സുദീര്‍ഘമായി സംസാരിക്കാന്‍ സാധിച്ചതും വലിയ ഭാഗ്യമായി കരുതുന്നു. ആ പഴയ രാം ഗോപാല്‍ വര്‍മയുടെ ഗംഭീര തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ഞാന്‍’,പൃഥ്വിരാജ് കുറിച്ചു.