Laapata-Ladies-beta

TOPICS COVERED

തിയറ്ററില്‍ വലിയ ഓളമുണ്ടാക്കാതെ പോയൊരു സിനിമ. പക്ഷേ ആ സിനിമ ഓടിടിയുടെ ചെറുചതുരത്തില്‍ ഇന്ത്യയാകെ വലിയ ചര്‍ച്ചകളും കയ്യടികളും നേടുന്ന കാഴ്ച. ആ സിനിമയ്ക്ക് ലാപതാ ലേഡീസ് എന്നുപേര്, ഇന്ത്യയുടെ ഗ്രാമങ്ങളിലാണ് ക്യാമറ. രണ്ട് ചെറുപ്പക്കാരികളായ സ്ത്രീകളാണ് മുഖ്യകഥാപാത്രങ്ങള്‍. അവരുടെ കല്ല്യാണക്കഥയിലൂടെ ഇന്ത്യന്‍ പെണ്ണുങ്ങള്‍ എതിരിടുന്ന ഒട്ടൊരുപാട് പങ്കപ്പാടുകളിലേക്ക് ക്യാമറ തിരയുന്നു. ലളിതസുന്ദരമായി കഥ പറയുമ്പോള്‍, കാഴ്ചക്കാര്‍ പോലുമറിയാതെ വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞുതരുന്നു ഈ  ചെറിയ വലിയ സിനിമ.

 

2024ൽ എടുത്തുപറയത്തക്ക ഒരു വിജയവും സംഭവിക്കാത്ത ബോളിവുഡ്. മാർച്ച് ഒന്നിന് ആറ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നു. കൂട്ടത്തിൽ ആമിർ ഖാൻ നിർമിച്ച ഈ ‘ലാപതാ ലേഡീസും’.   ആമിറിന്റെ മുൻഭാര്യ കൂടിയായ കിരൺ റാവു ആണ് ചിത്രം സംവിധാനം ചെയ്തത്. ബിപ്ലബ് ഗോസ്വാമിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി കിരൺ റാവു ഒരുക്കിയ ചിത്രം, വടക്കേ ഇന്ത്യയിലെ സങ്കൽപിക ഗ്രാമമായ നിർമൽ പ്രദേശിൽ 2001ൽ നടക്കുന്ന കഥയെന്ന മട്ടില്‍ ചിത്രം  തുടങ്ങുന്നു.

വിവാഹശേഷം തീവണ്ടിയില്‍ ഭര്‍‌ത്താവിന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് രണ്ട് നവവധുക്കള്‍. പക്ഷേ പൊടുന്നനെ കാര്യങ്ങളെല്ലാം മാറിമറിയുന്നു. ഗ്രാമങ്ങളിലൂടെ പായുന്ന ആ വണ്ടിയില്‍ ഏതോ കുഞ്ഞുസേറ്റേഷനില്‍ ഒരു വരന്‍ വധുവിന്റെ കൈപിടിച്ചിറങ്ങുന്നു. വീട്ടിലെത്തിയപ്പോഴാണ് അമളി മനസ്സിലാകുന്നത്. സ്വന്തം വധുവല്ല, മറ്റൊരാളുടെ വധുവാണ് കൂടെ. മുഖം മറച്ച വധുവിനെ കണ്ട് ആ ഗ്രാമമാകെ ഞെട്ടുന്നു. ഇറങ്ങാനുള്ള തിരക്കില്‍ ആളു മാറിപ്പോയി.  തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ്  പറയുന്നത്.

പറയത്തക്ക താരനിരയൊന്നുമില്ല. പ്രതിഭ രത്ന, നിതാഷി ഗോയൽ, സ്പർശ് ശ്രീവാസ്തവ എന്നീ പുതുമുഖങ്ങളാണ് പ്രധാനവേഷങ്ങൾ ചെയ്യുന്നത്. ഡാൻസ്, ഫൈറ്റ്, മാസ് ഡയലോഗ് എന്നിങ്ങനെ വിജയചേരുവകളൊന്നുമില്ല. ഓരോ ദിവസവും സ്ഥിരത ഇല്ലാതെ ഏറിയും കുറഞ്ഞും ലഭിച്ച കളക്ഷൻ. ഒപ്പമിറങ്ങിയ അഞ്ച് ചിത്രങ്ങൾക്കൊപ്പം ലാപത ലേഡീസും ആരാലും ശ്രദ്ധിക്കാതെ പോയി. എന്നാൽ റിലീസ് ചെയ്ത് രണ്ട് മാസങ്ങൾക്കിപ്പുറം കഥ മാറുകയായിരുന്നു. ആരാലും അറിയപ്പെടാതെ പോയ ഒരു ചിത്രം, രാജ്യമാകെ ചർച്ച ചെയ്യുകയാണ്. ബോളിവുഡ് പ്രൊഡ്യൂസ് ചെയ്​ത ഈ വർഷത്തെ ഏറ്റവും മികച്ച ഇന്ത്യൻ സിനിമകളിലൊന്ന് എന്ന നിലയിൽ ലാപത ലേഡീസ് വാഴ്ത്തപ്പെടുന്നു.  

Laapata-Ladies-image

ലാപത ലേഡീസ്, എന്നാൽ കാണാതായ പെൺകുട്ടി എന്ന് അർത്ഥം. സമൂഹം നിർവചിച്ച് തന്ന കടമകൾക്കിടയിൽ സ്വന്തം ഐഡൻറിറ്റി നഷ്​ടപ്പെട്ട പെണ്ണുങ്ങളുടെ കഥയാണ് ഇത്. നൂറ്റാണ്ടുകളായി ഈ രാജ്യത്തെ പെൺകുട്ടികൾ വഞ്ചിക്കപ്പെട്ടുകൊണ്ടിരുന്നു, ഈ വഞ്ചനയുടെ മറ്റൊരു പേരാണ് കുടുംബത്തിൽ പിറന്ന അടക്കവും ഒതുക്കവുമുള്ള പെൺകുട്ടി. അത്തരത്തിൽ വഞ്ചിക്കപ്പെട്ട പെൺകുട്ടിയാണ് ഫൂൽ. ഭർത്താവ് ഇല്ലാതെ സ്വന്തം ഭവനത്തിലേക്ക് തിരികെ പോകുന്നത് അപമാനമാണെന്ന് വിശ്വസിക്കുന്ന, വീട്ടുജോലികൾ ചെയ്യാനും നാമം ജപിക്കാനും പഠിച്ച് നല്ല വീട്ടമ്മയാവാനും ചെറുപ്പം മുതലേ ട്രെയ്​ൻ ചെയ്യപ്പെട്ടതിൽ അഭിമാനം കൊള്ളുന്ന ഫൂൽ. വീട്ടുജോലികൾ ചെയ്യുന്നതൊഴിച്ച് വീടിന് പുറത്തേക്ക് ഒന്നും അറിയേണ്ടതില്ലാത്ത അല്ലെങ്കിൽ അറിയുന്നതിൽ നിന്നും വിലക്കപ്പെട്ട അനേകം പെൺകുട്ടികളിൽ ഒരുവൾ, സ്വന്തം വീട്ടിലേക്കുള്ള വഴി അറിയില്ലെങ്കിലും ഭർത്താവിൻറെ പേര് ഉച്ഛരിക്കില്ലെങ്കിലും താൻ വലിയ മൂല്യബോധത്തിലും സംസ്കാരത്തിലുമാണ് വളർന്നതെന്ന് വിശ്വസിച്ചവൾ.

മറ്റൊരു നായികാ കഥാപാത്രമായ പെണ്‍കുട്ടി ജയ, ഫൂലിൽ നിന്നും വ്യത്യസ്തയാണ്. പഠിച്ച് എന്തെങ്കിലുമൊക്കെ ആയിത്തീരാൻ ആഗ്രഹിക്കുന്നവൾ. എന്നാൽ വിവാഹമാണ് ഒരു പെൺകുട്ടിയുടെ അന്തിമമായ ലക്ഷ്യസ്ഥാനം എന്ന് വിചാരിച്ച അമ്മ. ഉള്ള സ്ഥലം വിറ്റ് സ്ത്രീധനം കൊടുത്ത് അവളെ

വിവാഹം കഴിപ്പിച്ച് വിടുകയാണ്. അതും രണ്ടാം വിവാഹം കഴിക്കുന്ന ഒരു ക്രിമിനലിന്. ഫൂൽ ചെല്ലേണ്ടിയിരുന്ന വീട്ടിലേക്കാണ് ആളുമാറി ജയ എത്തിപ്പെടുന്നത്. സ്ത്രീകൾ സ്വന്തം ഭർത്താവിൻറെ പേര് ഉച്ഛരിക്കുന്നത് പോലും തെറ്റാണെന്ന് വിചാരിക്കുന്ന കുടുംബത്തിൽ കൃഷിയിൽ നിർദേശങ്ങൾ നൽകുന്നതുൾപ്പെടെയുള്ള ജയയുടെ ഇടപെടൽ ഒരുപാട് മാറ്റം വരുത്തുന്നുണ്ട്.

Laapata-Ladies-image1

ഇവരിൽ രണ്ടുപേരിൽ നിന്നും വ്യത്യസ്തയാണ് റെയിൽവേ സ്റ്റേഷനിൽ ചായക്കട നടത്തുന്ന മഞ്ജുമായി. ‌സ്നേഹിക്കുന്നുണ്ടെങ്കിൽ തന്നെ തല്ലാനും അധികാരമുണ്ടെന്ന് പറയുന്ന, കള്ളുകുടിച്ച് തന്നെ ഉപദ്രവിക്കുന്ന ഭർത്താവിനെ ഉപേക്ഷിച്ച് ജീവിക്കുന്ന സ്വതന്ത്രയായ സ്ത്രീ. ഒന്നു തല്ലാനോ ചീത്ത വിളിക്കാനോ ഉള്ള  സ്വാതന്ത്ര്യമില്ലെങ്കിൽ അവിടെ എനിക്ക് സ്നേഹം കാണാനാവില്ല എന്ന് പറ‍ഞ്ഞ സന്ദീപ് വാങ്കാ റെഡ്ഡിയെ കൂടി നമുക്ക് ഇവിടെ സ്മരിക്കാം. മഞ്ജു മായിലൂടെയാണ് ചിത്രത്തിൽ ഏറ്റവും ശക്തമായ രാഷ്​ട്രീയം ചിത്രം സംസാരിക്കുന്നത്. ഒറ്റക്ക് ജീവിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നത് പ്രയാസമാണെന്നും എന്നാൽ അത് കണ്ടെത്തിയാൽ പിന്നെ ആരേയും പേടിക്കേണ്ടതില്ലെന്നും തൻറെ നരച്ച സോഫയിൽ ഇരുന്ന്  മഞ്ജു മായി പറയുമ്പോൾ സമൂഹം നിർവചിച്ച കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രയായ സ്ത്രീയെ കാണാം.

നോർത്ത് ഇന്ത്യയിലെ ഒരു കുഗ്രാമത്തിൽ നടക്കുന്ന കഥക്ക് ഇത്രയും സ്വീകാര്യത ലഭിക്കാൻ കാരണം അത് സംസാരിക്കുന്ന സാര്‍വ്വലൗകിക വിഷയം തന്നെയാണ്. വിവാഹത്തിനായി സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ നിർബന്ധിതയാവുന്ന ജയയും ചിത്രം വരക്കാനുള്ള കഴിവ് മെത്തക്കടിയിൽ ഒളിപ്പിച്ചുവെക്കേണ്ടി വരുന്ന പൂനവും ഭർത്താവിൻറെയും മക്കളുടെയും ഇഷ്​ടം നോക്കി തനിക്ക് പ്രിയപ്പെട്ട രുചികൾ മറന്നുപോയ ദീപക്കിൻറെ അമ്മയും ഇന്നും നമ്മുടെ വീട്ടിലും അയൽപക്കത്തുമൊക്കെയുണ്ട്.

ചിത്രത്തില്‍ അഭിനയിച്ച അഭിനേതാക്കളുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. വിരലിലെണ്ണാവുന്ന സിനിമകളില്‍ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്​തിട്ടുള്ള ഇവര്‍ തുടക്കക്കാരുടെ യാതൊരു പതര്‍ച്ചകളുമില്ലാതെയാണ് തങ്ങളുടെ കഥാപാത്രങ്ങള്‍ ചെയ്​തുഫലിപ്പിച്ചത്. ഫൂല്‍കുമാരിയെ അവതരിപ്പിച്ച നിതാന്‍ഷി ഗോയലിന് 16 വയസു മാത്രമാണ് പ്രായം. ഈ ചെറിയ പ്രായത്തില്‍ തന്നെ ആ പെണ്‍കുട്ടിയുടെ മികവ് അറിയാന്‍ ഫൂല്‍കുമാരിയായുള്ള പ്രകടനം മാത്രം വിലയിരുത്തിയാല്‍ മതിയാവും. സ്​പര്‍ശിന്‍റെ പ്രകടനം തന്നെ ഞെട്ടിച്ചുവെന്നാണ് സാക്ഷാല്‍ ആമിര്‍ ഖാന്‍ തന്നെ പറഞ്ഞത്. ജയയെ അവതരിപ്പിച്ച പ്രതിഭ രത്​നക്കും ആരാധകരേറെയാണ്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഹീരാമണ്ഡി എന്ന സീരിസിലെ പ്രതിഭയുടെ പ്രകടനവും ചര്‍ച്ചയായിരുന്നു. നെപ്പോട്ടിസം കൊടുകുത്തിവാഴുന്ന ബോളിവുഡില്‍ പുറത്തുനിന്നുള്ള പ്രതിഭകള്‍ക്ക് അവസരം കൊടുത്താല്‍ മികച്ച ഫലമാവും ലഭിക്കുക എന്ന് കൂടി തെളിയിക്കുകയാണ് ലാപത ലേഡിസ്, 12ത് ഫെയ്​ല്‍ മുതലായ ചിത്രങ്ങള്‍.

Laapata-Ladies-Image3

ഏതായാലും ഒന്നുറപ്പാണ്. നല്ല സിനിമകള്‍ ആരും കാണാതെ മറഞ്ഞുപോകുന്ന പഴയ കാലമല്ല ഇത്. നല്ല ഉള്ളടക്കമുള്ള സിനിമകള്‍ തിയറ്ററുകള്‍ക്കും, ഭാഷകളുടെയും രാജ്യത്തിന്റെയും അതിരുകള്‍ക്ക് അപ്പുറവും തിരിച്ചറിയപ്പെടും. സിനിമ നല്ലതെങ്കില്‍ എത്ര ദൂരെയും കയ്യടിക്കാന്‍ കാഴ്ചക്കാരുണ്ടാകും. ലാപതാ ലേഡീസിന്റെ അനുഭവം പറയുന്നത് അതാണ്. ഈ പെണ്‍കുട്ടികള്‍ ട്രെയിന്‍ കയറി ഇറങ്ങുന്നത് കയ്യടികളുടെയും ഉള്‍ക്കാഴ്ചകളുടെയും നടുവിലേക്കാണ്.

ENGLISH SUMMARY:

Video on the popularity of Laapata Ladies