2021ല്‍ വിവാഹമോചിതരായെങ്കിലും തങ്ങളുടെ സുഹൃത്ബന്ധം മനോഹരമായി തുടര്‍ന്നുപോകുന്ന ബോളിവുഡ് താരങ്ങളാണ് കിരണ്‍ റാവുവും ആമിര്‍ ഖാനും. 16 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷമാണ് ഇരുവരും വിവാഹമോചിതരായത്. അതിനുശേഷവും സിനിമകള്‍ക്കായി ഇരുവരും സഹകരിച്ചിരുന്നു. അടുത്തിടെ ആമിറിന്‍റെ നിര്‍മാണത്തില്‍ കിരണ്‍ റാവു സംവിധാനം ചെയ്ത ലാപത ലേഡീസ് ഇന്ത്യയാകെ ശ്രദ്ധ നേടിയിരുന്നു.
തങ്ങളുടേത് വളരെ സന്തോഷകരമായ വേര്‍പിരിയലായിരുന്നു എന്ന് പറയുകയാണ് കിരണ്‍ റാവു. ആമിറുമായി സുഹൃത്ബന്ധം തുടരാനാണെങ്കില്‍ പിന്നെ എന്തിനാണ് വേര്‍പിരിഞ്ഞത് എന്ന് തന്‍റെ മാതാപിതാക്കളടക്കം ചോദിച്ചിട്ടുണ്ടെന്നും കിരണ്‍ പറഞ്ഞു. ഒറ്റക്ക് ജീവിക്കുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്രത്തെ താന്‍ ആസ്വദിക്കുന്നുണ്ടെന്നും ഒരു യൂട്യൂചാനലിന് നല്‍കിയ അഭിമുഖത്തില്‍ കിരണ്‍ പറഞ്ഞു.
'എന്‍റേതായ ഇടം ലഭിക്കാനും വീണ്ടും സ്വതന്ത്രയാകാനും വളരെയേറെ ആഗ്രഹിച്ചിരുന്നു. വിവാഹമോചനത്തെ അതിജീവിക്കാനായി മാതാപിതാക്കളെന്ന നിലയിലും, കുടുംബമെന്ന നിലയിലും എനിക്കും ആമിറിനുമിടയില്‍ ശക്തമായ ഒരു സമവാക്യമുണ്ടായിരുന്നു. ആസാദിന്‍റെ(മകന്‍) അച്ഛൻ എന്‍റെ സുഹൃത്തും കുടുംബവുമാണ് എന്നറിയുന്നതിന്‍റെ ആശ്വാസത്തോടെ വ്യക്തിപരമായി സമയം കണ്ടെത്താനാകും. മാനസികമായും വൈകാരികമായും അവിടേക്കെത്താൻ ഞാന്‍ കുറച്ച് സമയമെടുത്തു, ആമിറും. ഞങ്ങൾ എവിടെക്കും പോകുന്നില്ല. ആ ചിന്തയില്‍ ഞങ്ങൾ സുരക്ഷിതരായിരിക്കണം. ഞങ്ങള്‍ പരസ്പരം പിന്തുണയ്ക്കുന്നു. അതിനുവേണ്ടി നമ്മൾ കല്യാണം കഴിക്കേണ്ടതില്ല എന്നു മാത്രം,' കിരണ്‍ പറഞ്ഞു.
വളരെ സന്തോഷകരമായ വേര്‍പിരിയലായിരുന്നു തങ്ങളുടേതെന്നും കിരണ്‍ പറഞ്ഞു. കാലം മാറുന്നതിനനുസരിച്ച് ബന്ധങ്ങളേയും പുനര്‍നിര്‍വചിക്കണം. കാരണം മനുഷ്യര്‍ എന്ന നിലയിലുള്ള വളര്‍ച്ചക്കിടയില്‍ നാം ഒരുപാട് മാറുന്നുണ്ട്. വ്യത്യസ്തതകള്‍ നമുക്ക് ആവശ്യമായി വരും. അതുകൊണ്ടാണ് വിവാഹമോചനം എന്നെ സന്തോഷിപ്പിക്കും എന്ന് കരുതിയത്. സത്യം പറഞ്ഞാല്‍ അതെന്നെ വളരെയേറെ സന്തോഷിപ്പിച്ചു.
ആമിറിനെ വിവാഹം ചെയ്യുന്നതിന് ഒരുപാട് നാളുകള്‍ക്ക് മുമ്പേ തന്നെ ഞാന്‍ ഒറ്റക്കാണ് ജീവിച്ചത്. സ്വാതന്ത്ര്യം വളരെയേറെ ആസ്വദിച്ചിരുന്നു. ഞാന്‍ ഒറ്റയ്ക്കായിരുന്നു. എന്നാലിന്ന് എനിക്കൊപ്പം ആസാദുണ്ട്(മകന്‍). അതിനാല്‍ ഇപ്പോള്‍ ഏകാകിയാവാന്‍ ഉദ്ദേശിക്കുന്നില്ല. ആളുകള്‍ വിവാഹമോചനം നേടുമ്പോഴോ പങ്കാളിയോ നഷ്ടപ്പെടുമ്പോഴോ ഏകാകിയാവുമല്ലോ എന്ന ചിന്തയാണ് മിക്ക ആളുകളേയും ഭയപ്പെടുത്തുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ ഒറ്റക്കാണെന്ന് തോന്നിയിട്ടേയില്ല. ആമിറിന്‍റേയും എന്‍റേയും കുടുംബത്തിന്‍റേയും പിന്തുണ എനിക്കുണ്ട്. അതിനാല്‍ എന്‍റേത് വളരെ സന്തോഷകരമായ ഒരു വിവാഹമോചനമായിരുന്നു, കിരണ്‍ കൂട്ടിച്ചേര്‍ത്തു.