ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള ദ ഗോട്ട് സിനിമയുടെ ബന്ധമാകാം തെലുങ്കിലും ഹിന്ദിയിലും വിജയിക്കാത്തതിന് കാരണമെന്ന് സംവിധായകന്‍ വെങ്കട് പ്രഭു. എക്സില്‍ ആരാധകരുമായി സംസാരിക്കുമ്പോഴായിരുന്നു വെങ്കട് പ്രഭുവിന്റെ പ്രതികരണം. ദ് ഗോട്ട് സിനിമയുടെ ക്ലൈമാക്സ് നടക്കുന്നത് ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ്.
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തിന് ഇടയില്‍ ഒരു അത്യാഹിതം ഒഴിവാക്കാന്‍ വിജയിയുടെ കഥാപാത്രം ശ്രമിക്കുന്നതാണ് സിനിമയുടെ ക്ലൈമാക്സ്. തമിഴ്നാട്ടില്‍ സിനിമ മികച്ച വിജയം നേടുന്നുണ്ടെങ്കിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ചിത്രം പ്രതീക്ഷിച്ച വിജയത്തിലേക്ക് എത്തിയില്ല. ഇതിന് രസകരമായ കാരണം പറയുകയാണ് സംവിധായകന്‍.
മുംബൈ ഇന്ത്യന്‍സ് ആരാധകരും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരാധകരും എന്നെ ട്രോളുകയാണ്. നമ്മളെല്ലാവരും ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകരാണ്. നമ്മുടെ രക്തത്തിലുള്ളതാണ് സിഎസ്കെ. അത് നിഷേധിക്കാനാവില്ല. ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള ബന്ധം കൊണ്ടാകാം സിനിമ ഹിന്ദി, തെലുങ്ക് പ്രേക്ഷകരെ ആകര്‍ഷിക്കാതിരുന്നത്. നമ്മള്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകര്‍ ആകര്‍ഷിച്ചത് പോലെ അവര്‍ക്ക് ആ നിമിഷം ആഘോഷിക്കാനായി എന്ന് എനിക്ക് തോന്നുന്നില്ല, വെങ്കട്ട് പ്രഭു പറയുന്നു.