Image: X

Image: X

ബെംഗളൂരുവിലെ ചടങ്ങില്‍ സംസാരിക്കുന്നതിനിടെ മൈക്ക് പണിമുടക്കിയതില്‍ 'ആര്‍സിബി'യെ ട്രോളി ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്​വാദ്. താരത്തിന്‍റെ തമാശ ആരാധകരില്‍ ചിരി പടര്‍ത്തി. ഋതുരാജ് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ സൗണ്ട് ടീമില്‍ നിന്നുള്ളവര്‍ അബദ്ധത്തില്‍ മൈക്ക് ഓഫാക്കുകയായിരുന്നു. ഇതോടെ ഷോയുടെ അവതാരകന്‍ 'ഋതുരാജിന്‍റെ മൈക്ക് ഓഫാക്കാന്‍ എങ്ങനെ ധൈര്യം വന്നു?' എന്ന് ചോദ്യമെറിഞ്ഞു. മൈക്ക് ശരിയായതും 'ആര്‍സിബിയില്‍ നിന്നുള്ള ആരോ ആകാം' മൈക്ക് ഓഫാക്കിയതെന്നായിരുന്നു ചിരിച്ചുകൊണ്ട് താരത്തിന്‍റെ മറുപടി. ചിരിച്ചാര്‍ത്ത് വിളിച്ചാണ് ആരാധകര്‍ ഇതിനോട് പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളില്‍ വിഡിയോ വൈറലായതിന് പിന്നാലെ ചൂടന്‍ ചര്‍ച്ചകളും തുടങ്ങി. 

ഈ ഐപിഎല്ലില്‍ ചെന്നൈ–ആര്‍സിബി പോര് രസകരമാകുമെന്ന് ഒരാളും ഋതുരാജ് എന്തിനാണ് ആര്‍സിബിയെ ഇങ്ങനെ പേടിക്കുന്നത്, ഇതൊന്നും പഴ്സണലായി എടുക്കല്ലേയെന്ന് മറ്റൊരാളും കുറിച്ചു. പ്ലേഓഫിലെ ആര്‍സിബിയെ പോലെയായല്ലോ മൈക്കെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. 

സഈദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രയെ നയിച്ചത് ഋതുരാജായിരുന്നു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ടീം പുറത്തായി. സര്‍വീസസിനെതിരെ 97 റണ്‍സിന്‍റെ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും സീസണിലെ താരത്തിന്‍റെ പ്രകടനം നിരാശാജനകമാണ്. അഞ്ച് ഗ്രൂപ്പ് മല്‍സരങ്ങളില്‍ നിന്ന് 193 റണ്‍സ് മാത്രമാണ് നേടാന്‍ കഴി‍ഞ്ഞിട്ടുള്ളത്. വിജയ് ഹസാരെ ട്രോഫിയിലും മഹാരാഷ്ട്രയെ ഋതുരാജ് തന്നെയാണ് നയിക്കുന്നത്. 

18 കോടി രൂപയ്ക്കാണ് ഋതുരാജിനെ ചെന്നൈ നിലനിര്‍ത്തിയത്. ചെന്നൈക്കായി 66 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരം 18 അര്‍ധ സെഞ്ചറികളടക്കം 2380 റണ്‍സാണ് നേടിയിട്ടുള്ളത്. 14 സീസണുകള്‍ക്ക് ശേഷം ചെന്നൈയുടെ ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് ധോണി മാറിയതോടെയാണ് ഋതുരാജ് ക്യാപ്റ്റനായത്. 

ENGLISH SUMMARY:

'Might be someone from RCB'-CSK Captain Ruturaj Gaikwad trolls IPL rivals during live event.