സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനോടുള്ള ആരാധന മറച്ചുവയ്ക്കാതെ വീണ്ടും തമിഴകത്തിന്‍റെ ഇളയ ദളപതി വിജയ്. രജനിച്ചിത്രം 'വേട്ടൈയാന്‍' കാണാന്‍ റീലീസ് ദിനം ആദ്യ ഷോയ്ക്ക് തന്നെ എത്തിയാണ് താരം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചാണ് താരം തിയറ്ററിലെത്തിയതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിലീസ് ദിനമായ ഇന്നലെ തന്നെ ലോകമെങ്ങും മികച്ച പ്രതികരണമാണ് വേട്ടൈയാന്‍ സൃഷ്ടിച്ചത്.
വിജയ് എത്തുമെന്നറിഞ്ഞ തിയറ്റര്‍ അധികൃതര്‍ പ്രത്യേകസീറ്റുള്‍പ്പടെ ഒഴിച്ചിട്ടിരുന്നു. താരത്തിന്‍റെ സ്വകാര്യതയെ മാനിച്ചായിരുന്നു സുരക്ഷാക്രമീകരണങ്ങള്‍. ചിത്രത്തിന്‍റെ റിലീസിന് മുന്‍പ് തന്നെ സമൂഹമാധ്യമങ്ങള്‍ വഴി രജനി– വിജയ് ആരാധകരുടെ പോര്‍വിളികള്‍ ശക്തമായിരുന്നു. ആരാധകരുെട ഭാഗത്ത് നിന്നുള്ള ഇത്തരം ചേരിതിരിവുകളെയും വിദ്വേഷങ്ങളെയും അപ്രസക്തമാക്കിയാണ് വിജയ് 'തലൈവ'ന്‍റെ ചിത്രം കാണാനെത്തി സ്നേഹക്കാഴ്ചയായത്.
സിനിമയിലും സിനിമയ്ക്ക് പുറത്തും രജനികാന്തിനോടുള്ള ആരാധനയും സ്നേഹവും വിജയ് എപ്പോഴും പ്രകടിപ്പിച്ചിട്ടുമുണ്ട്. പക്ഷേ ആരാധകര്‍ ഇതൊന്നുമറിയാതെ സമൂഹമാധ്യമങ്ങളില്‍ പരസ്പരം പോരടിക്കുന്നുവെന്നതാണ് വസ്തുത. 'ഗോട്ടി'ന്‍റെ ഷൂട്ടിങിനിടെ ഹൈദരാബാദില്‍ വച്ച് പ്രഭാസ് ചിത്രം 'സലാര്‍' വിജയ് രഹസ്യമായി കണ്ടുമടങ്ങിയതും വാര്‍ത്തയായിരുന്നു. ആ വിഡിയോ അടുത്തയിടെയാണ് പുറത്തുവന്നും.
ധനുഷ്, അനിരുദ്ധ്, കാര്‍ത്തിക് സുബ്ബരാജ്, അഭിരാമി, തുടങ്ങിയവര്‍ ഇന്നലെ 'വേട്ടൈയാന്‍' കണ്ട വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. പൊലീസ് ത്രില്ലര്‍ ചിത്രമായ വേട്ടൈയാന്‍ ജ്ഞാനവേലാണ് സംവിധാനം ചെയ്തിരിക്കുന്നത്. മഞ്ജു വാരിയര്‍, ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍, റാണ ദഗ്ഗുബട്ടി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. അനിരുദ്ധിന്‍റെ സംഗീതത്തെ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. 95 കോടി രൂപയ്ക്കാണ് ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ് വിറ്റുപോയത്. 30 കോടി രൂപയാണ് ആദ്യ ദിനം തന്നെ ചിത്രം വാരിയത്.