'ജസ്റ്റിസ് ഫോര്‍ സംഗീത' ഒരു മണിക്കുറിനുള്ളില്‍ ഒരുലക്ഷത്തോളം പേര്‍ ഉപയോഗിച്ച ഹാഷ്ടാഗാണിത്. തമിഴ് സിനിമ ലോകത്ത് പുതിയ വിവാദങ്ങള്‍ക്ക് തിരിതെളിയിച്ച ഹാഷ്ടാഗ്. നടന്‍ വിജയ്‍യുടെ ഭാര്യ സംഗീതക്ക് നീതി ലഭിക്കാനാണ് ഈ നിലവിളി. തമിഴ് സിനിമതാരങ്ങളായ വിജയ്‍യും തൃഷയും ഒന്നിച്ച് യാത്ര ചെയ്ത ദൃശ്യങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. രണ്ടു ദിവസങ്ങൾക്ക് മുൻപ് ഗോവയിൽ വച്ച് നടന്ന കീർത്തി സുരേഷ്, ആന്റണി തട്ടിൽ വിവാഹത്തിനാണ് ഇരുവരും ഒന്നിച്ച് എത്തിയത്. 

എയർപോർട്ടിൽ നിന്നുള്ള ഇരുവരുടെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് ഫ്ളൈറ്റിലേക്ക് കയറുന്നതും, അവിടെ നിന്നും കാറിൽ പുറപ്പെടുന്നതുമായ ചിത്രങ്ങളും മറ്റും എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യാപകമായി പ്രചരിച്ചു. തൃഷയും വിജയ്‍യും തമ്മില്‍ പ്രണയത്തിലാണെന്നും വിജയ് സംഗീതയെ ചതിക്കുകയാണെന്നുമാണ് ഇക്കൂട്ടരുടെ വാദം. ചില സൂക്ഷ്മദര്‍ശനികളുടെ കണ്ടെത്തലില്‍ പറയുന്നത് സംഗീതയെയും വിജയ്‍യെയും അടുത്തിടെയൊന്നും ഒന്നിച്ച് കാണാത്തത് ഇതിന്‍റെ ബാക്കിപത്രമാണെന്നാണ്. 

ഗില്ലി, കുരുവി, തിരുപ്പാച്ചി, ആത്തി എന്നീ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സൃഷ്ടിച്ച കോംമ്പോയാണ് തൃഷയും വിജയ്‍യും. വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ലിയോ. ചിത്രം റിലീസായപ്പോഴും വിജയ്യുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് തൃഷ ഒരു മിറര്‍ സെല്‍ഫി പങ്കുവെച്ചപ്പോഴുമൊക്കെ ഇത്തരം ഗോസിപ്പുകള്‍ ഉയര്‍ന്നിരുന്നു. ഗോട്ടിലെ ഗാനരംഗത്തില്‍ തൃഷ പ്രത്യക്ഷപ്പെട്ടപ്പോളും ഇത്തരം മുറുമുറുപ്പുകളുണ്ടായിരുന്നു. അന്നത് പക്ഷ അരമനരഹസ്യമായി അവസാനിച്ചു. ഇതിനിടയില്‍ പ്രചരിച്ച കഥകളാണ് മദ്യപിച്ച് തൃഷ വിജയ്‍യുടെ വീടിന് മുന്നില്‍ പാട്ടുപാടി ഡാന്‍സ് ചെയ്തെന്നും ഇരുവര്‍ക്കും ചെന്നൈയില്‍ ഫ്ലാറ്റുണ്ടെന്നതുമൊക്കെ.  അതിനിടയില്‍ തൃഷയ്ക്ക് വിജയിയോട് പ്രണയം ഉണ്ടായിരുന്നു എന്ന കുട്ടി പത്മിനിയുടെ പഴയ വാക്കുകള്‍ കൂടി കുത്തിപ്പൊക്കുകയാണ് സോഷ്യല്‍മീഡിയ. 

ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ  നിന്ന് ഗോവയിലെ മനോഹർ രാജ്യാന്തരവിമാനത്താവളത്തിൽ വന്നിറങ്ങിയ ആറ് യാത്രികരുടെ വിവരങ്ങൾ അടങ്ങിയ ഔദ്യോഗികരേഖ പുറത്തു വന്നത് വിവാദങ്ങൾക്ക് ആക്കം കൂട്ടി . ഇതിൽ ഒന്നാം നമ്പർ യാത്രികൻ സി. ജോസഫ് വിജയ്‌യും, രണ്ടാമത്തെ യാത്രികെ തൃഷ കൃഷ്ണനുമാണ്. ഇവരെ കൂടാതെ മറ്റു നാലുപേർ കൂടിയുണ്ട് ഈ യാത്രികരുടെ പട്ടികയിൽ.ഇതോടെ ഇരുവർക്കുമെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ശക്തമാണ്. സൗഹൃദങ്ങളെ ഇത്തരത്തിൽ വളച്ചൊടിക്കുന്ന പ്രവണത ശരിയല്ലെന്ന അഭിപ്രായവും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. 

വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെയാണ് ഈ സൈബര്‍ ആക്രമണം എന്നതുകൊണ്ടു തന്നെ വിജയ്‍ക്കെതിരായ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം ആക്രമണങ്ങളെന്നും സൂചനയുണ്ട്. തമിഴകം കുടുംബ ബന്ധങ്ങള്‍ക്ക് നല്‍കുന്ന മൂല്യങ്ങളാണ് കഥകള്‍ക്ക് വിവാദ മാര്‍ക്കറ്റില്‍ വിലകൂട്ടുന്നത്.  എന്നിരുന്നാലും വ്യക്തിപരമായ ഇത്തരം ആക്രമണങ്ങള്‍ അതും കുടുംബത്തെ വലിച്ചിഴച്ചുകൊണ്ടുള്ള ആക്രമണങ്ങള്‍ അതിരുവിട്ടതല്ലേ എന്നതാണ് ഒരു കൂട്ടരുടെ ചോദ്യം. തമിഴ് രാഷ്ട്രീയം സിനിമാക്കാരുടെ കുത്തകയാണെന്നതിനാല്‍ തന്നെ ഇത്തരം വിവാദങ്ങള്‍ പുതിയ കഥയല്ല. തമിഴകത്തെ എം.ജി.ആറും തലൈവിയും വരെ അതിന് ഇരയായിട്ടുണ്ട് എന്നതും വാസ്തവം.