രജനീകാന്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമാണ് ബാഷ. ചിത്രത്തിലെ പാട്ടുകളും ഡയലോഗുകളും ഇപ്പോഴും ട്രെന്‍ഡിങ്ങാണ്. ഇപ്പോഴിതാ, ചിത്രം റീ–റിലീസിനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ചിത്രം പുറത്തിറങ്ങി 30 വര്‍ഷം തികയുന്ന പശ്ചാത്തലത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ റീ റിലീസ് പ്രഖ്യാപിച്ചത്. 4 കെ ക്വാളിറ്റിയോടെ ഡോള്‍ബി അറ്റ്‍മോസിൽ റീമാസ്റ്റർ ചെയ്ത് ബാഷ തിയേറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
1995 ജനുവരി 12ന് പുറത്തിറങ്ങിയ ചിത്രത്തില്‍ രജനീകാന്തും നഗ്മയുമാണ് പ്രധാന വേഷത്തിലെത്തിയത്. രഘുവരനാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജനഗരാജു, ദേവൻ, ശശികുമാര്‍, വിജയകുമാര്‍, ആനന്ദ്‍രാജ്, ചരണ്‍ രാജ്, കിട്ടി, സത്യപ്രിയ, യുവറാണി, അല്‍ഫോണ്‍സ, ഹേമലത, ദളപതി ദിനേശ് തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തവരാണ്. തിയേറ്ററില്‍ മികച്ച വിജയം നേടിയ ചിത്രം മാസ് സിനിമകളില്‍ ഒന്നും രജനീകാന്തിന്‍റെ കരിയറിലെ വലിയ ഹിറ്റുകളില്‍ ഒന്നുകൂടിയാണ്.
രജനീകാന്തിന്റേതായി ഒടുവില്‍ വന്ന ചിത്രം വേട്ടയ്യൻ ആണ്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 200 കോടിക്ക് മുകളിൽ നേടിയ സിനിമയിൽ അമിതാഭ് ബച്ചൻ, റാണ ദഗുബതി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങിയ വൻ താരനിര അണിനിരന്നിരുന്നു. ബാഷ ചിത്രത്തിന്‍റെ റി–റീലിസിന്‍റെ ആകാംഷയിലാണ് ആരാധകരും സിനിമാലോകവും.