ബോബി ചെമ്മണ്ണൂരാണ് സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ച. ഹണി റോസ് വിഷയത്തില്‍ ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായതോടെ ബോചെയുടെ വിവാദ പരാമര്‍ശങ്ങളും പഴയ പല വിഡിയോകളും വൈറലായിരുന്നു. ഇപ്പോഴിതാ, ബോബി ചെമ്മണ്ണൂരിനെ പുകഴ്ത്തി കൊണ്ടുള്ള ശ്വേത മേനോന്‍റെ പഴയൊരു വിഡിയോയാണ് സൈബറിടത്ത് ട്രെന്‍ഡാകുന്നത്.
ബോചെയുടെ ഉള്ളിലെ നല്ല മനസ്സിനെ കുറിച്ചുള്ള ശ്വേതയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരുപാട് സഹായങ്ങൾ സമൂഹത്തിനു വേണ്ടി ചെയ്യുന്ന ഒരാളാണ് ബോചെയെന്നും അദ്ദേഹത്തിന് കിട്ടുന്നതെല്ലാം സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രമല്ല ഉപയോഗിക്കുന്നത്, അത് സമൂഹത്തിനു വേണ്ടി ഉപയോഗിക്കുന്നുവെന്നും ശ്വേത പറയുന്നത് വിഡിയോയില്‍ കാണാം. ഷോറൂം ഉദ്ഘാടനത്തിനെത്തി ബോബിയുമായി ഒരു വേദി പങ്കിട്ടപ്പോഴായിരുന്നു ശ്വേതയുടെ പ്രതികരണം.
ശ്വേതയുടെ വാക്കുകള്‍;
ഞാൻ ആദ്യം കാണുമ്പോൾ സോഷ്യൽ മീഡിയ ഉണ്ടായിരുന്ന സമയമല്ല. ഇത്രയും വർഷം ആയിട്ടും ഇദ്ദേഹം അങ്ങനെ തന്നെയാണ്. ആളുകളെ കാണുമ്പോള്‍ ഇദ്ദേഹം പറയുന്ന ചില വാക്കുകളുണ്ട്. അത് അങ്ങനെ തന്നെ പാലിക്കുന്നയാളാണ്. അദ്ദേഹം പറയുന്ന വാക്കുകള്‍ സീരിയസായിട്ടാണ് എടുക്കുന്നത്. അത് വലിയൊരു കാര്യമാണ്. നമ്മൾ എല്ലാവരും കുറച്ചു പൈസ ഒക്കെ ഉണ്ടാക്കുമ്പോൾ ആർക്കും ഒരു സഹായവും ചെയ്യില്ല. എന്നാൽ മൂപ്പർ എത്ര കാശ് ഉണ്ടാക്കുന്നോ അത്രയും തിരിച്ചു സൊസൈറ്റിക്ക് കൊടുക്കുന്നു. അത് വളരെ വലിയ കാര്യമാണ്.
എന്റെ അമ്മയെ നോക്കുന്ന ഒരു ചേച്ചിയുണ്ട്. ആ ചേച്ചി ഇദ്ദേഹത്തിന്റെ വലിയ ഫാൻ ആണ്. ഇദ്ദേഹം ചെയ്യുന്ന എല്ലാം മൂപ്പത്തിയാര്‍ക്ക് അറിയാം. ഇത്രയും സഹായം ചെയ്യുന്ന ഒരാളോട് ആരാധനയാണ്. നമ്മൾ ജീവിതത്തിൽ കാശ് ഉണ്ടാക്കും. എന്നാൽ ആളുകൾക്ക് കൊടുക്കാൻ പിശുക്കന്മാർ ആണ്. സത്യം പറയാം- അതിൽ അഭിനന്ദനങ്ങൾ ബോചെ
ഇതേ ഉദ്‌ഘാടനവേളയിൽ ആണ് ശ്വേതക്ക് ബോചെ നാൽപ്പത് ലക്ഷത്തിന്റെ ഒരു ഡയമണ്ട് നെക്ലേസ് മാല അണിയിച്ചതും. ആ വിഡിയോയും ഇപ്പോള്‍ വൈറലാണ്.