50-ാമത്തെ ചിത്രമായ 'മഹാരാജ'യിലൂടെ തമിഴ് ചലച്ചിത്ര ലോകത്തേക്ക് വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് വിജയ് സേതുപതി. തുടർച്ചയായ പരാജയങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച തമിഴ് ചിത്രമെന്നാണ് നിരൂപകരടക്കം പറയുന്നത്. മധ്യവയസ്കനായ ഒരു കുടുംബനാഥയാണ് സേതുപതി ചിത്രത്തിലെത്തുന്നത്. 

ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകനും നടനുമായ അനുരാഗ് കശ്യപും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രാഹകൻ നട്ടി എന്ന നടരാജും ചിത്രത്തിൽ വേഷമിടുന്നുണ്ട്. കർണനിലേതുപോലെ പൊലീസ് വേഷത്തിലാണ് അദ്ദേഹവും എത്തുന്നത്. 

'കുരങ്ങു ബൊമ്മൈ'യുടെ സംവിധായകൻ നിതിലൻ സ്വാമിനാഥന്‍റെ അടുത്ത ചിത്രമെന്ന പ്രത്യേകതയും  മഹാരാജക്കുണ്ട്. ഇവരെക്കൂടാതെ ഭാരതിരാജ, അഭിരാമി, മംമ്ത മോഹൻദാസ്, സിംഗംപുലി, അരുൾദോസ്, മുനിഷ്കാന്ത് എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.  

ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ, അജനീഷ് ലോകനാഥാണ് സംഗീത സംവിധായകൻ.പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരമാണ് ചിത്രം നിർമിക്കുന്നത്.

ENGLISH SUMMARY:

Tamil movie 'Maharaja' gets good audience response