രഞ്ജിത്ത് സജീവ് നായകനായെത്തിയ ‘ഗോളം’ സിനിമയെ പ്രശംസിച്ച് താരങ്ങളും. മനോഹരമായി ക്രാഫ്റ്റ് ചെയ്‌ത സിനിമയാണ് ഗോളമെന്നും തിയറ്ററിൽ മിസ് ചെയ്യരുതെന്നും സംവിധായകൻ ജീത്തു ജോസഫ് പറയുന്നു.
പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ പിടിച്ചിരുത്താൻ പറ്റുന്ന ത്രില്ലറാണ് ഗോളമെന്നായിരുന്നു സംവിധായകൻ എം. പത്മകുമാർ അഭിപ്രായപ്പെട്ടത്. സുഹാസിനി, സിബി മലയിൽ, സൂര്യ കൃഷ്ണമൂർത്തി തുടങ്ങി നിരവധി പ്രമുഖർ ചിത്രത്തെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. ബോക്സോഫിസിലും ചിത്രം മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
നവാഗതനായ സംജാദ് സംവിധാനം ചെയ്ത സിനിമയിൽ രഞ്ജിത്ത് സജീവാണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്നി, സണ്ണി വെയ്ൻ, സിദ്ദിഖ്, അലൻസിയർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാറാണ്.