TOPICS COVERED

റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബിലേക്ക് എത്തി ടോവിനോ തോമസ് നായകനായ അജയൻറെ രണ്ടാം മോഷണം. വ്യാജ പതിപ്പ് അടക്കം ഇറങ്ങിയ വാർത്തകൾക്കിടയിലാണ് ചിത്രം 50 കോടി ക്ലബിലേക്ക് എത്തുന്നത്. ഓണ ചിത്രമായി വന്ന എആർഎം കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. 

ഒരു ഉജ്ജ്വല വിജയം ആഘോഷിക്കുന്നു എന്നാണ് ചിത്രത്തിന്റെ നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. എആർഎം അഞ്ച് ദിവസം കൊണ്ട് 50 കോടി കടന്നിരിക്കുന്നു. തിയേറ്ററിൽ ചിത്രം കണ്ട യഥാർഥ പ്രേക്ഷകർക്ക് നന്ദി, നിങ്ങൾ സിനിമയെ പിന്തുണയ്ക്കുന്നത് തുടർന്നാൽ സിനിമയ്ക്കെതിരായ ദുരുദ്യേശങ്ങൾ വിജയ്ക്കില്ല, ഇതാണ് സാക്ഷ്യം എന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ എഴുതിയത്. 

നന്ദി അറിയിച്ച് കൊണ്ട് സംവിധായകൻ ജിതിൻ ലാലും ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചു. എൻ്റെ ആദ്യ സിനിമ അവതരിപ്പിക്കുമ്പോൾ പ്രായഭേദമന്യേ എല്ലാ വർക്കും കാണാവുന്ന ഒരു ഉത്സവ സിനിമയായിരിക്കും എന്നൊരു ഉറപ്പ്  നൽകിയിരുന്നു. സിനിമ കണ്ട് എന്നെയും എൻ്റെ ടീമിനേയും ഹൃദയം നൽകി പ്രോത്സാഹിപ്പിച്ച എല്ലാ അച്ചൻമാർക്കും, അമ്മമാർക്കും, കുട്ടികൾക്കും, അപ്പൂപ്പൻമാർക്കും അമ്മൂമ്മമാർക്കും, സഹോദരി സഹോദരങ്ങൾക്കും ഹൃദയം തൊട്ട എൻ്റെ നന്ദി എന്നാണ് ജിതിൻ ലാൽ കുറിച്ചത്. 

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്.

കഴിഞ്ഞ ദിവസം ഇരുപത്തിനാല് മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഒന്നര ലക്ഷം പേർ ചിത്രം ബുക്ക് ചെയ്തത് റെക്കോർഡിട്ടിരുന്നു. 

ENGLISH SUMMARY:

Tovino Thomas Movie ARM box office collection cross Rs 50 Crore with in 5 days of release.