മലയാളസിനിമാതാരങ്ങള്‍ സൂപ്പര്‍ഹീറോകളായെത്തിയാല്‍ എങ്ങനെയുണ്ടാകും? ഈ ചോദ്യത്തിനുളള ഉത്തരം നല്‍കുകയാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോ. എഐ ഗിഗ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ സൂപ്പര്‍ഹീറോ ലുക്കിലുളള വിഡിയോ തയ്യാറിക്കിയിരിക്കുന്നത്. ഫഹദ് ഫാസില്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്കൊപ്പം ജഗതിയും ഇതുവരെ കാണാത്ത വേഷത്തിലെത്തുന്നുണ്ട്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ രസകരമായ വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.
വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളെയും ഇപ്പോള്‍ അന്യഭാഷ സിനിമാസ്വാദകരെയും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഫഹദ് ഫാസിലിനെ സ്പൈഡര്‍മാനായാണ് വിഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്പൈഡര്‍മാന്‍റെ വസ്ത്രങ്ങള്‍ ധരിച്ച് ന്യൂയോര്‍ക്ക് സിറ്റിയുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ഫഹദ് ഫാസിലിന് സൈബറിടത്ത് നിറഞ്ഞകയ്യടി. സൂപ്പര്‍മാനായി വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പൃഥ്വിരാജാണ്. ശത്രുക്കളെ നശിപ്പിച്ച ശേഷം മെട്രോപോളിസ് നഗരത്തിലൂടെ നടന്നുവരുന്ന സൂപ്പര്‍മാന്‍റെ ദൃശ്യങ്ങളാണ് പൃഥ്വിരാജിനെ ഉപയോഗിച്ച് പുനഃസൃഷ്ടിച്ചിരിക്കുന്നത്. ഫഹദിനും പൃഥ്വിരാജിനും പിന്നാലെ വിഡിയോയില്‍ സൂപ്പര്‍ഹീറോയായെത്തുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. എയണ്‍മാന്‍റെ വേഷമാണ് വിഡിയോയുടെ നിര്‍മാതാക്കള്‍ ദുല്‍ഖറിന് നല്‍കിയിരിക്കുന്നത്.
ഹല്‍ക്ക് എന്ന സൂപ്പര്‍ഹീറോയായി വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ടൊവിനോ തോമസാണ്. മിന്നല്‍ മുരളിയെന്ന ചിത്രത്തില്‍ സൂപ്പര്‍ഹീറോ പരിവേഷമുളള കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചിരുന്നതെങ്കിലും ഇതാദ്യമായാണ് അടിമുടി ഞെട്ടിക്കുന്ന വേഷത്തില്‍ ആരാധകര്‍ ടൊവിനോയെ കാണുന്നത്. ഹല്‍ക്കായി ടൊവിനോ കലക്കിയെന്നാണ് വിഡിയോ കണ്ടവര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ഇത്രയേറെ സൂപ്പര്‍ഹീറോസ് ഒരുമിച്ചെത്തുമ്പോള്‍ ഒരു വില്ലനും വേണമല്ലോ? ആ കുറവും വിഡിയോയുടെ നിര്‍മാതാക്കള്‍ നികത്തിയിട്ടുണ്ട്. താനോസ് എന്ന വില്ലന്‍ കഥാപാത്രത്തെയാണ് വിഡിയോയില്‍ ഇവര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താനോസ് ആയി എത്തിയിരിക്കുന്നതാകട്ടെ മലയാളികളുടെ പ്രിയപ്പെട്ട ജഗതിയും.
എല്ലാ കഥാപാത്രങ്ങളും അനായാസം വഴങ്ങുന്ന ജഗതിയുടെ എഐ വില്ലന്‍ ലുക്കിനും വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്. വിഡിയോ വൈറലായതോടെ ഇതുപോലൊരു മലയാളസിനിമയെന്ന് കാണാന്‍ സാധിക്കും എന്ന ചോദ്യമാണ് സൈബറിടത്ത് ഉയരുന്നത്. അതേസമയം ഇത്രയധികം സൂപ്പര്‍ഹീറോസിനെ ഒന്നിച്ചുകണ്ടപ്പോള്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പങ്കുവച്ചവരും നിരവധിയാണ്. ഹല്‍ക്കായെത്താന്‍ മികച്ചത് ഉണ്ണി മുകുന്ദനെന്ന് ചിലര്‍ കുറിച്ചപ്പോള്‍ താനോസ് എന്നും തിലകന്‍ ചേട്ടന്‍റെ കൈകളില്‍ സുരക്ഷിതം എന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം സൂപ്പര്‍ഹീറോ ലുക്കില്‍ ഏറ്റവും മികച്ചത് സൂപ്പര്‍മാനായെത്തിയ പൃഥ്വിരാജ് തന്നെയെന്ന് വിഡിയോ കണ്ടവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.